കൊച്ചി : മൂവാറ്റുപുഴയിൽ ഭാര്യയെ മുറിക്കുള്ളിലാക്കി പൂട്ടിയശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ തീവ്രശ്രമം നടത്തിയെങ്കിലും രക്ഷപെടുത്താനായില്ല. നെടുമ്പാശേരി കോട്ടായിൽ ഗാന്ധിഗ്രാമം പള്ളിപ്പറമ്പിൽ വർഗീസാണ് (36) മരിച്ചത്. ഇന്നലെ രാവിലെ 12 മണിയോടെ മൂവാറ്റാപുഴയിൽ ഇവർ മാറാടി ഉന്നക്കുപ്പ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. പെയിന്റിംഗ് തൊഴിലാളിയായ ഇയാൾ മൂന്നുവർഷം മുമ്പാണ് എറണാകുളം നൊച്ചിമയിലുള്ള അന്യ മതക്കാരിയായ യുവതിയെ സ്നേഹിച്ച് വിവാഹം കഴിച്ചത്. തുടർന്ന് വിവിധ ഇടങ്ങളിൽ മാറിമാറി താമസിച്ചു വരികയായിരുന്നു. ഒടുവിൽ മൂവാറ്റുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ഭാര്യയ്ക്ക് ജോലി കിട്ടിയതോടെയാണ് മൂവാറ്റുപുഴയിലെത്തിയത്. ഇന്നലെ രാവിലെ ഭാര്യയുമായി വഴക്കിട്ട ഇയാൾ വീട്ടിലെ ഒരു മുറിയിൽ ഭാര്യയെ പൂട്ടിയിട്ടശേഷം തൊട്ടടുത്ത മുറിയിലെ കഴുക്കോലിൽ ഭാര്യയുടെ ഷാളിൽ തൂങ്ങുകയായിരുന്നു. അസ്വഭാവികമായ ശബ്ദം കേട്ട ഭാര്യ മുറി തുറന്ന് പുറത്തിറങ്ങാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആ മുറിയിലുണ്ടായിരുന്ന ഹാക്സോ ബ്ളേഡ് ഉപയോഗിച്ച് മുറിയിലെ മരത്തിന്റെ ജനൽ അറുത്തുമുറിച്ച് പുറത്തെത്തിയ ഭാര്യ തൊട്ടടുത്ത മുറി തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടൻ മുറിക്കടുത്തുള്ള ജനൽ ചില്ല് പൊട്ടിച്ച് അകത്തു കയറിയപ്പോഴാണ് ഭർത്താവ് തൂങ്ങിക്കിടക്കുന്നതായി കാണുന്നത്. തൊട്ടടുത്തുനിന്നും മേശയെടുത്ത് അതിൽ കയറിനിന്ന് കെട്ടറുത്ത് താഴെ ഇറക്കി ഫയർഫോഴ്സിന്റെ അടിയന്തിര നമ്പറിൽ വിളിച്ചറിയിച്ച് മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ഈ ദമ്പതികൾക്ക് മക്കളില്ല. മൂവാറ്റുപുഴ പൊലീസ് കേസെടുത്തു .