kunju

കൊച്ചി: പാലാരിവട്ടം ഫ്ലൈഓവർ അഴിമതിക്കേസ് അന്വേഷണം വിജിലൻസ് താത്കാലികമായി നിറുത്തിവച്ചു. കൊറോണ രോഗ വ്യാപനം തടയാൻ രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. കോടികളുടെ വെട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കെയാണ് സംസ്ഥാനത്ത് കൊറോണ രോഗം സ്ഥിരീകരിക്കുകയും നിരവധിപ്പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയേണ്ട സാഹചര്യവുമുണ്ടായത്. അതേസമയം, ലോക്ക് ലൗൺ പിൻവലിക്കുന്ന സാഹചര്യത്തിൽ കേസന്വേഷണം പുനഃരാരംഭിക്കും.


ഫ്ലൈഓവർ അഴിമതിക്കേസിൽ മുൻ മന്ത്രിയും അഞ്ചാം പ്രതിയുമായ വി.കെ ഇബ്രാഹിം കുഞ്ഞിനെ നാലാമതും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു വിജിലൻസ്. ഇബ്രാഹിം കുഞ്ഞിനെ കൂടാതെ കിറ്റ്‌കോ ഡിസൈനർ നിശാ തങ്കച്ചി, സ്ട്രക്ചറൽ എൻജിനീയർ ഷാലിമാർ, പാലം ഡിസൈൻ ചെയ്ത നാഗേഷ് കൺസൾട്ടൻസിയിലെ ഡിസൈനർ മഞ്ജുനാഥ് എന്നിവരടക്കമുള്ള എല്ലാ പ്രതികളേയും വിജിലൻസിന് വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇത് ബുദ്ധിമുട്ടാണ്. ഇതേതുട‌ർന്നാണ്, ചോദ്യം ചെയ്യലടക്കമുള്ള നടപടികളെല്ലാം നീട്ടിയതെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.

അന്വേഷണത്തോട് സഹകരിക്കുന്ന സാഹചര്യത്തിൽ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വിജിലൻസ് താത്കാലികമായി ഒഴിവാക്കിട്ടുണ്ട് സർക്കാരിനെ കബളിപ്പിച്ച് അമിതലാഭമുണ്ടാക്കാൻ നിർമാണ കരാറുകാരനെ സഹായിച്ചു, അതിനായി ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വ്യവസ്ഥകൾ ലംഘിച്ചും ഇല്ലാത്ത വ്യവസ്ഥകളുണ്ടാക്കിയും കരാറുകാരന് 8 കോടി രൂപ വായ്പ നൽകിയതാണ് മുൻമന്ത്രിക്കും പൊതുമരാമത്ത് മുൻസെക്രട്ടറിക്കും എതിരായ തെളിവായത്.

അതേസമയം, കള്ളപ്പണം വെളുപ്പിച്ച സംഭവത്തിൽ ഇബ്രാഹിം കുഞ്ഞിനെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് കേസന്വേഷണവും മന്ദഗതിയിലായി. കേസിൽ പ്രാഥമികാന്വേഷണം തുടങ്ങിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.