ഉത്പാദനം കൂട്ടി എണ്ണക്കമ്പനികൾ
എൽ.പി.ജി ഹെൽപ്പ്‌ലൈൻ നമ്പർ : 1906
കൊച്ചി: അടച്ചുപൂട്ടലിനെ തുടർന്ന്, അടുക്കളയ്ക്ക് വിശ്രമമില്ലാ ദിനങ്ങളായതോടെ സംസ്ഥാനത്ത് ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ ഉപയോഗം കുത്തനെ കൂടി. ജനങ്ങൾ വീട്ടിൽ തന്നെ കഴിയുന്നതിനാൽ കൂടുതൽ ഭക്ഷണ വിഭവങ്ങൾ പാചകം ചെയ്യുന്നതാണ് കാരണം. ഉത്പാദനം വർദ്ധിപ്പിച്ച് ലഭ്യത ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് എണ്ണക്കമ്പനികൾ.
അതേസമയം, വാണിജ്യ സിലിണ്ടറുകളുടെ വിതരണം നാമമാത്രമാക്കി. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവ അടഞ്ഞു കിടക്കുന്നതും വിവാഹം ഉൾപ്പെടെ ചടങ്ങുകൾ ഇല്ലാത്തതുമാണ് കാരണം. പ്രധാന റിഫൈനറികളിലെല്ലാം എൽ.പി.ജി ഉത്പാദനം വർദ്ധിപ്പിച്ചു. ശേഷിയുടെ പരമാവധി ഉത്പാദനമാണ് ലക്ഷ്യം.
അസംസ്കൃത എൽ.പി.ജിയുടെ ഉത്പാദനവും വർദ്ധിപ്പിക്കും. പ്ളാന്റുകളിലും വിതരണ കേന്ദ്രങ്ങളിലും ആവശ്യത്തിന് എൽ.പി.ജി ശേഖരിച്ചിട്ടുണ്ട്. ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ടെന്ന് ഐ.ഒ.സി അധികൃതർ പറഞ്ഞു.
വൻകിട സംഭരണികൾ, ബോട്ട്‌ലിംഗ് പ്ളാന്റുകൾ, ഫ്യുവൽ സ്റ്റേഷനുകൾ, വിതരണക്കാർ എന്നിവർ സംസ്ഥാന, ജില്ലാ ഭരണകൂടങ്ങളുടെ നിർദ്ദേശങ്ങൾ പാലിച്ചാണ് എൽ.പി.ജി വിതരണം ചെയ്യുന്നത്. ജീവനക്കാരോട് കർശനമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കാൻ എണ്ണക്കമ്പനികൾ നിർദ്ദേശിച്ചു. നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ ഉന്നതതല സമിതികളും രൂപീകരിച്ചിട്ടുണ്ട്.
പെട്രോൾ, ഡീസൽ
ഉത്പാദനം കുറച്ചു
പൊതു ഗതാഗതം നിരോധിച്ചതിനാൽ പെട്രോൾ, ഡീസൽ ഉത്പാദനം 30 ശതമാനം വെട്ടിക്കുറച്ചു. റോഡ് പണികൾ നിലച്ചത് ബിറ്റുമിൻ (ടാർ) ആവശ്യവും ഇല്ലാതാക്കി. വ്യവസായശാലകൾ ഉപയോഗിക്കുന്ന ഫ്യുവൽ ഓയിലിനും ആവശ്യക്കാരില്ല. ലോക്ക്ഡൗൺ കഴിയുമ്പോൾ പെട്രോളിനും ഡീസലിനും ക്ഷാമം വരാതിരിക്കാൻ പരമാവധി ശേഖരിച്ചിട്ടുണ്ട്.
വിമാന ഇന്ധന ഉത്പാദനമില്ല
വിമാന സർവീസുകൾ നിലച്ചതോടെ വിമാന ഇന്ധന ഉത്പാദനം പൂർണമായി നിറുത്തി. സംസ്ഥാനത്തെ മുഴുവൻ വിമാനത്താവളങ്ങളിലും പരമാവധി ഇന്ധനം ശേഖരിച്ചിട്ടുണ്ട്. സർവീസുകൾ പുനരാരംഭിക്കുന്ന മുറയ്ക്ക് ഉത്പാദനവും ആരംഭിക്കും.