കൊച്ചി: ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം പദ്ധതിയുടെ കാരുണ്യത്താൽ ഇന്നലെ 750 പേർ സുഭിക്ഷമായി ഉച്ചഭക്ഷണം കഴിച്ചു. നഗരത്തിൽ അഞ്ഞൂറു പേർക്ക് കൊച്ചി കോർപ്പറേഷനും സിറ്റി പൊലീസും ചേർന്ന് ഭക്ഷണപൊതികൾ വിതരണം ചെയ്തു. അവശേഷിച്ച പാഴ്സലുകൾ ഫോർട്ടുകൊച്ചി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിൽ എത്തിച്ചു. ഇന്നു മുതൽ എറണാകുളം ടി.ഡി.എം ഹാളിന് മുന്നിൽ വച്ചായിരിക്കും ഭക്ഷണവിതരണമെന്ന് സംഘാടകർ അറിയിച്ചു.

# പെരുവഴിയിൽപെട്ടു പോയവർക്കായി

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി നാട് മുഴുവൻ പൂട്ടിയടച്ച് വ്യക്തി ശുചിത്വവും ശാരീരിക അകലവും പാലിച്ചുകൊണ്ട് എല്ലാവരും അവനവൻ്റെ വീടുകളിൽ ഒതുങ്ങിക്കൂടി. എന്നാൽ വീടില്ലാതെ തെരുവോരത്തു കഴിയുന്ന പട്ടിണി പാവങ്ങൾ, വാഹനമില്ലാതെ യാത്ര പാതിവഴിയിൽ മുടങ്ങി വഴിയോരത്തു കുടുങ്ങി കിടക്കുന്നവർ, ദിവസക്കൂലിക്ക് ജോലിചെയ്തു കുടുംബത്തിന് അന്നം കണ്ടെത്തിയിരുന്നവർ , സന്മനസുള്ള ഹോട്ടൽ ഉടമകളും സന്നദ്ധ സംഘടനകളും എത്തിച്ചു നൽകിയിരുന്ന ഭക്ഷണം കഴിച്ചു വിശപ്പടക്കിയിരുന്നവർ എന്നിങ്ങനെ പല കാരണങ്ങളാൽ പെരുവഴിയിൽ പെട്ടുപോയവർ ഇപ്പോൾ പട്ടിണിയിലാണ്.

ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം എന്ന പദ്ധതിയിലൂടെ ഇവരെ സഹായിക്കുന്നതിനായി സന്നദ്ധ സംഘടനകൾ ഒത്തുചേർന്നിരിക്കുകയാണ്. കേരളാ പൊലീസ്, നന്മ ഫൗണ്ടേഷൻ, എറണാകളും കരയോഗം, മിഷൻ ബെറ്റർ ടുമോറോ, ഔർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതി, സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് തുടങ്ങിയ സംഘടനകളാണ് ഈ കാമ്പയിനിന് നേതൃത്വം നൽകുന്നത്.

ശാരീരിക അകലത്തിൻ്റെ ഈ കാലഘട്ടത്തിൽ പട്ടിണിയിലായ നിരാലംബർക്കു ഭക്ഷണം ഉത്തരവാദിത്വത്തോടെ എത്തിച്ചു നൽകുക എന്നതാണ് ഉദ്ദേശ്യം. കൊറോണയുമായി ബന്ധപ്പെട്ട നിബന്ധനകളെല്ലാം പാലിച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്.

# സൻമനസുള്ളവർക്ക് സ്വാഗതം

ചോറ്, സാമ്പാർ, തോരൻ, അച്ചാർ എന്നിവയാണ് ഓരോ പൊതിയിലുമുള്ളത്. ടി.ഡി.എം ഹാളിലെ ഊട്ടുപുരയിലാണ് പാചകം. പദ്ധതിയിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നവർക്ക് ടി.ഡി.എം ഹാളിൽ സാധനങ്ങൾ എത്തിക്കാം. പണം സ്വീകരിക്കില്ലെന്ന് സംഘാടകർ അറിയിച്ചു.