ആലുവ: കൊറോണ രോഗത്തെ ചെറുക്കാൻ വ്യായാമ പ്രേമികൾക്ക് ആശ്വാസവാർത്തയുമായി വെറ്ററൻ ഓട്ടക്കാരൻ ജോസ് മാവേലി. നടത്തവും ഓട്ടവുമൊക്കെയായി ആരോഗ്യം നില നിർത്തിയവർ വീടിന് പുറത്തിറങ്ങാതിരിക്കുന്നതിനാൽ അനാരോഗ്യത്തിലേക്കു പോകാതിരിക്കാനും ലഘുവ്യായാമമാർഗങ്ങൾ ഉപകരിക്കുമെന്നാണ് ജോസ് മാവേലി പറയുന്നത്.
രാവിലെ രണ്ട് ഗ്ലാസ് വെള്ളം കുടിച്ച ശേഷം 30 മിനിറ്റെങ്കിലും കഴിയുന്ന വ്യായാമമുറകൾ ചെയ്യുകയെന്നതാണ് പ്രധാനം. പിന്നീട് മുറികളിലോ മുറ്റത്തോ വിയർക്കുന്നതു വരെ നടക്കണം. 69 കാരനായ ജോസ് മാവേലി നടത്തവും ഓട്ടവുമടക്കമുള്ള വ്യായാമമുറകൾ ആരംഭിക്കുന്നത് ദിവസവും പുലർച്ചെ അഞ്ച് മണിയോടെയാണ്. മൂന്ന് മണിക്കൂറോളം നീളും. ഇന്ത്യയിലെ ഏറ്റവും വേഗത കുടിയ വെറ്ററൻ ഓട്ടക്കാരനായ ജോസ് മാവേലി കഴിഞ്ഞ മാസം മണിപ്പൂരിലെ ഇംഫാലിൽ നടന്ന 41മത് നാഷണൽ മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റിൽ 65 + വിഭാഗത്തിൽ നാലു മെഡലുകൾ നേടിയിരുന്നു.
തെരുവിൽ അലയുന്ന കുട്ടികൾക്കുവേണ്ടി സ്ഥാപിച്ച ആലുവ ജനസേവ ശിശുഭവന്റെ സ്ഥാപകനും മുൻചെയർമാനുമാണ് കായികപ്രേമിയായ ജോസ് മാവേലി. ജനസേവ സ്‌പോട്‌സ് അക്കാദമിയും സ്ഥാപിച്ചിട്ടുണ്ട്.