കൊച്ചി: എറണാകുളത്ത് വിരണ്ടോടിയ പോത്തിനെ ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഉടമയും ചേർന്ന് സാഹസികമായി കീഴ്പ്പെടുത്തി. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ പത്തരയോടെ എറണാകുളം പാവക്കുളം ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പോത്ത് കയർ പൊട്ടിച്ച് വിരണ്ട് ഓടിയത്. വെട്ടാൻ കൊണ്ടുപോകുകയായിരുന്നു. തുടർന്ന് ഉടമ മൻസൂർ തന്നെ പാെലീസിനെ വിവരം അറിയിച്ചു. ഉടൻ തന്നെ വിവരം ഗാന്ധിനഗർ ഫയർഫോഴ്സിന് കൈമാറി. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ പോത്തിനായി പാവക്കുളത്ത് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തായില്ല. തുടർന്ന് പരിസര പ്രദേശങ്ങളിലേക്കും അന്വേഷണം നീട്ടി.
ഇതിനിടെ പോത്തിനെ കലൂരിൽ കണ്ടതായി വിവരം ലഭിച്ചതോടെ ഫയർഫോഴ്സ് സംഘം സ്ഥലത്തേക്ക് പാഞ്ഞെത്തുകയും വല വിരിച്ച് കുടുക്കുകയുമായിരുന്നു. പിടികൂടാനുള്ള ശ്രമത്തിനിടെ പോത്ത് ഫയർഫോഴ്സ് ജീവനക്കാർക്ക് നേരെയും കുതിച്ചെത്തി. മതിലിനോട് ചേർന്ന് നിന്നും ഒഴിഞ്ഞുമാറിയും ഉദ്യോഗസ്ഥർ രക്ഷപ്പെടുകയായിരുന്നു.
ലോക്ക് ഡൗൺ ആയതിനാൽ നിരത്തുകളിൽ ആരും തന്നെ ഉണ്ടായിരുന്നില്ല. ഇതുമൂലം വലിയ അപകടമാണ് ഒഴിവായതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സുനിൽ കുമാർ എം.ആർ, സീനിയർ ഫയർ ഓഫിസർ അരുൺ എന്നിവരുടെ നേതൃത്വത്തിൽ റോജോ, ലിപിൻദാസ്, ഷാനവാസ്, രാംരാജ്, ശ്യാംകുമാർ, ഗോകുൽ, സിൻ മോൻ എന്നിവർ ചേർന്നാണ് പോത്തിനെ കീഴ്പ്പെടുത്തിയത്. പോത്തിനെ പിന്നീട് ഉടമയ്ക്ക് കൈമാറി.