ആലുവ: സർക്കാർ നിയന്ത്രണങ്ങളുടെ മറവിൽ ആലുവ മാർക്കറ്റിൽ പച്ചക്കറികൾക്ക് അമിതവില ഈടാക്കുന്നുവെന്ന വ്യാപക പരാതിയെത്തുടർന്ന് നഗരസഭാ അധികൃതർ മാർക്കറ്റിൽ മിന്നൽ പരിശോധന നടത്തി. മാർക്കറ്റിലെ പച്ചക്കറികളുടെ വില ശേഖരിച്ച് ജില്ലാ ഭരണകൂടത്തിന് കൈമാറി. സ്ഥാപനങ്ങൾക്ക് മുമ്പിൽ ഇന്നുമുതൽ വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണമെന്ന് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ വീഴ്ചയുണ്ടായാൽ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ ജെറോം മൈക്കിൾ, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, കൗൺസിലർ ശ്യാം പത്മനാഭൻ, റവന്യൂ ഓഫീസർ ശിവദാസൻ, അനിൽ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
അമിതവില: കർശന നടപടി വേണമെന്ന് യു.ഡി.എഫ്
ആലുവ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയാനും അമിതവില ഈടാക്കുന്ന വ്യാപാരികൾക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് യു.ഡി.ഫ് ആലുവ നിയോജകമണ്ഡലം സെക്രട്ടറി ഡൊമിനിക് കാവുങ്കൽ ആവശ്യപ്പെട്ടു. റേഷൻ കാർഡ് ഉടമകൾക്ക് ഭക്ഷ്യക്കിറ്റുകൾ സൗജന്യമായി നൽകണം. മാർച്ചിലെ റേഷൻ മണ്ണെണ്ണ ഉടൻ വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.