saji
കൈയ്യെഴുത്ത് പോസ്റ്ററുകൾ തയ്യാറാക്കുന്ന സജി

കോലഞ്ചേരി: കൊറോണ രോഗ വ്യാപനത്തിൽ അച്ചടി സ്ഥാപനങ്ങൾ അടച്ച സാഹചര്യത്തിൽ പ്രിന്റി​ംഗിനു വഴിയില്ല. ആരോഗ്യ വിഭാഗത്തിന് കൈയ്യെഴുത്ത് പോസ്റ്ററുകൾ തയ്യാറാക്കി കർമ്മ രംഗത്ത് വേറിട്ട സാന്നിദ്ധ്യമായി മാറുകയാണ് ഹെൽത്ത് ഇൻസ്‌പെക്ടർ കെ.കെ സജി. തിരുവാണിയൂർ,പൂത്തൃക്ക പഞ്ചായത്തുകളുടെ പഞ്ചായത്തുതല കൺട്രോൾ യൂണി​റ്റുകളുടെ ചുമതലയുള്ള സൂപ്പർവൈസറാണ് ഇദ്ദേഹം. ദിവസവും ശരാശരി മുന്നൂറിലേറെ ഫോൺ വിളികളാണ് വരുന്നത്. ഇതിനിടയിൽ സമയം കണ്ടെത്തിയാണ് പോസ്റ്ററുകൾ തയ്യാറാക്കുന്നതും ഒപ്പം ആരോഗ്യ വകുപ്പിന്റെ മൈക്ക് പ്രചരണങ്ങൾക്ക് ശബ്ദം നൽകുന്നതും. രാത്രി എത്ര വൈകിയും വരുന്ന ഫോൺ കോളുകൾക്ക് മറുപടി പറയണം. ഇതിനിടയിൽ പരിഭ്രാന്തരായി വിളിക്കുന്ന ആളുകൾക്ക് 10 മിനി​റ്റ് കൗൺസലിംഗും നൽകുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സി.എ.സതീഷ് കുമാർ,കെ.കെ.സജീവ് ,എസ് നവാസ്, കെ.എൻ.വിനയകുമാർ,ടി. എസ് അജനീഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് പിൻതുണയുമായി ഒപ്പമുണ്ട്. രണ്ട് പഞ്ചായത്തിലുമായി 272 ആളുകൾ ഹോം ക്വാറന്റെൻ സേവനത്തിൻ കീഴിൽ കഴിയുന്നിടത്താണ് ഇവരുടെ സേവനം. ഡോക്ടർമാരായ രാജലക്ഷ്മി,അരുൺ ജേക്കബ് എന്നിവരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.