story-image

കൊച്ചി: കൊറോണ വൈറസ് വ്യാപനം തടയാൻ ക്ലീനിംഗ് പദ്ധതിയുമായി കൊച്ചി കോർപ്പറേഷൻ രംഗത്ത്. എറണാകുളം ഹൈക്കോർട്ട് ജംഗ്ഷൻ അണുവിമുക്തമാക്കി പദ്ധതിക്ക് തുടക്കം കുറിച്ചു. കൊച്ചി കോർപ്പറേഷൻ മേയർ സൗമിനി ജെയിൻ, പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ ഫയർഫോഴ്സ് നടത്തിയ ക്ലീനിംഗിന് സമാനമായാണ് കോർപ്പറേഷനും തെരുവ് അണുവിമുക്തമാക്കുന്നത്.

ക്ലീനിംഗിന്റെ തുടക്കമായാണ് ഹൈക്കോടതി ജംഗ്ഷൻ തിരഞ്ഞെടുത്തതെന്നും വരും ദിവസങ്ങളിൽ നഗരത്തിന്റെ മുക്കും മൂലയും അണുവിമുക്തമാക്കുമെന്നും സൗമിനി ജെയിൻ പറഞ്ഞു. അതേസമയം, കൊച്ചിയിൽ അഞ്ച് ഇടങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺ ഉടൻ ആരംഭിക്കും. ഇതിനായി വിവിധ കാറ്ററിംഗ് സംഘങ്ങളുമായി മേയർ ചർച്ച നടത്തിക്കഴിഞ്ഞു. നിലവിൽ, കൊച്ചി സിറ്റി പൊലീസ്, സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ നഗരത്തിൽ ഒറ്റപ്പെട്ടുപോയവർക്ക് ഭക്ഷണം നൽകുന്നുണ്ട്. ഇവരുമായി കൂടിയാലോചിച്ച് തീരുമാനം എടുക്കാനാണ് കോർപ്പറേഷൻ ആലോചിക്കുന്നത്.