poth
പോത്തിനെ കീഴടക്കി കെട്ടിയപ്പോൾ

കൊച്ചി: 'ഹലോ ഫയർ ഫോഴ്‌സല്ലേ? ഇവിടെ ഒരു പോത്ത് വിരണ്ടോടി. ഉടനെ വരില്ലേ!?' ഫോൺ സന്ദേശം കേട്ടപ്പോൾ ഗാന്ധിനഗർ ഫയർഫോഴ്‌സ് യൂണിറ്റിൽ ജോലിയിലുണ്ടായവർ പോകണോ വേണ്ടയോ എന്ന് ആദ്യമൊന്ന് ശങ്കിച്ചു. കൊറോണയെ പേടിച്ച് ആളുകൾ വീടിനകത്താണെങ്കിലും പുറത്ത് വിരണ്ടോടുന്ന പോത്ത് ഉണ്ടാക്കുന്ന സമാധാനക്കേട് ഓർത്തപ്പോൾ പോകാൻ തന്നെയായി സംഘത്തിന്റെ തീരുമാനം. ഒടുവിൽ രണ്ട് മണിക്കൂറോളം കലൂർ പാവക്കുളം പരിസരവാസികളുടെ സമാധാനം കെടുത്തിയ പോത്ത് ഫയർഫോഴ്‌സ് വിരിച്ച വലയ്ക്കുള്ളിലായി.
ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. കലൂർ എ.ജെ ഹാളിന് സമീപം പോത്ത് വിരണ്ടോടിയെന്ന സന്ദേശം കേട്ട് പാഞ്ഞെത്തിയെങ്കിലും പോത്തിനെ കാണാഞ്ഞ് ഫയർഫോഴ്‌സ് തിരികെ പോയി. പിന്നീട് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വീണ്ടും ഫോൺവിളിയെത്തി. സ്ഥലത്തെത്തിയപ്പോൾ കണ്ടു കൊമ്പുകുലുക്കി പാഞ്ഞടുക്കുന്ന പോത്തിനെ. മതിലിൽ വലിഞ്ഞുകയറിയും ഒളിച്ചിരുന്നും ഫയർഫോഴ്‌സ് സംഘം വല കെട്ടിയും കയർ കുടുക്കിട്ടും ഒരുങ്ങി. പിന്നെ പതിനഞ്ചു മിനിട്ട് നീണ്ട പരിശ്രമം. പോത്ത് വലയ്ക്കുള്ളിൽ! ഫയർഫോഴ്സ് സംഘം പോത്തിനെ വരുതിയിലാക്കുന്ന ദൃശ്യം സോഷ്യൽമീഡിയയിലും വൈറലായി.
ഗാന്ധിനഗർ ഫയർഫോഴ്‌സ് യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. ആർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർ അരുൺ, റോജോ, ലിപിൻദാസ്, ഷാനവാസ്, രാംരാജ്, ശ്യാംകുമാർ, ഗോകുൽ, സിൻമോൻ എന്നിവരാണ് പോത്തിനെ പിടിച്ചത്. പിന്നീട് പോത്തിനെ ഉടമസ്ഥർക്ക് കൈമാറി.