കൊച്ചി : കൊറോണക്കാലത്ത് ഉള്ളിലുറങ്ങിക്കിടക്കുന്ന പാചകവിരുത് പുറത്തെടുക്കാനോ പാചകപരീക്ഷണം നടത്താനോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് വേണ്ടെന്ന് ഉപദേശിക്കുകയാണ് ജില്ലാ കളക്ടർ എസ്. സുഹാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പോസ്റ്റ് ഇങ്ങനെ.
"വരും ദിനങ്ങളിൽ പാചകകലയിലെ തന്റെ കഴിവുകളെ പരീക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്നവരേ, ഒരു ഓർമ്മപ്പെടുത്തൽ. ഏറ്റവും കുറഞ്ഞ വസ്തുക്കൾകൊണ്ട് ആഹാരമൊരുക്കി ശീലിക്കണം. ഭക്ഷണം പാഴാക്കരുത്. അത് പലചരക്കുകടകളിൽ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതിനിടയാക്കും. ആർഭാടത്തിനും ആവശ്യത്തിനുമിടയിൽ ഏതു വേണമെന്ന കൃത്യമായ തീരുമാനമെടുക്കുക. കരുതിവച്ചിരിക്കുന്ന ഭക്ഷണസാധനങ്ങൾ പെട്ടെന്ന് തീർത്ത് ഇടക്കികിടെ പലചരക്ക് കടകളിലേക്ക് നടത്തുന്ന സഞ്ചാരം അപകടകരമാണെന്ന് തിരിച്ചറിയുക. ഇപ്പോൾ സുഖങ്ങൾ ത്യജിച്ച് ലളിതമായ ജീവിതരീതിയെ പുണരാം."
വെറുതെയല്ല
കളക്ടറുടെ വാക്കുകളെ വെറുതെ തള്ളിക്കളയാനാവില്ല. ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സാമൂഹ്യമാദ്ധ്യമങ്ങളിൽ മലയാളിയുടെ ലോക്ക്ഡൗൺ ദിന ചർച്ചകളിലേറെയും ആഹാരത്തെക്കുറിച്ചാണ്. ബോറടി മാറ്റാൻ വീട്ടിലെ പുരുഷന്മാർ അടുക്കളയുടെ നിയന്ത്രണം ഏറ്റെടുത്തത് മുതൽ അന്നന്നത്തെ സ്പെഷ്യൽ ഫുഡ് എന്താണ്... എന്നിങ്ങനെ നീളുന്നു ചർച്ചകൾ. 24 മണിക്കൂറും വീട്ടിലായതോടെ കുട്ടികളുടെയും ഭർത്താവിന്റെയും വിശപ്പ് കൂടിയെന്ന സങ്കടം പറച്ചിലാണ് കൂട്ടുകാരികൾക്കിടയിൽ. അത് പരിഹരിക്കാൻ ബിരിയാണി, വൈകുന്നേരം പലഹാരങ്ങൾ എന്നിവയിലൊക്കെ പരീക്ഷണം നടത്തുകയാണ് വീട്ടമ്മമാർ.
കടകളിൽ തിരക്കൊഴിയുന്നില്ല
അവശ്യസാധനങ്ങളുടെ പട്ടികയിൽപ്പെടുത്തിയ പഴം, പച്ചക്കറി, പലചരക്ക് കടകളിലെ തിരക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മൂന്നുനാളായിട്ടും കുറഞ്ഞിട്ടില്ല. പാചക പരീക്ഷണത്തിനായി എണ്ണയും മറ്റുസാധനങ്ങളും വാങ്ങിക്കൂട്ടുന്നവരുണ്ടെന്ന് കടക്കാരും സാക്ഷ്യപ്പെടുത്തുന്നു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്റെ പ്രാധാന്യം മനസിലാക്കി കഴിയുന്നതും എല്ലാവരും വീടിനുള്ളിൽത്തന്നെ കഴിയണമെന്ന് അധികൃതർ ആവർത്തിക്കുന്നു.