കോലഞ്ചേരി: മരിച്ച 'അളിയൻ' ഫോണെടുത്തു, പുന്നാര അളിയനെതിരെ കേസുമെടുത്തു. പുത്തൻകുരിശ് പൊലീസ് സ്റ്റേഷനു മുന്നിൽ ഇന്നലെ രാവിലെ പരിശോധനക്കിടെ ഓട്ടോയിൽ ഡിക്ലറേഷനുമായി വന്നയാൾ എഴുതിയിരുന്നത് അളിയൻ മരിച്ചു എന്നാണ്.
അളിയന്റെ നമ്പർ വാങ്ങി സി.ഐ വിളിച്ചപ്പോൾ മരിച്ച അളിയൻ തന്നെയാണ് ഫോണെടുത്തത്. ഒട്ടും മടിച്ചില്ല വന്ന വാഹനവും ആളും പൊലീസ് കസ്റ്റഡിയിലായി. പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ച ബുദ്ധി തന്റേതല്ലെന്നും ഓട്ടോ ഡ്രൈവറുടേതാണെന്നും പറഞ്ഞതോടെ അയാൾക്കെതിരെയും കേസെടുത്തു.
ഇന്നലെ പൊതുവെ ആളുകളുടെ കറക്കം കുറവായിരുന്നു. കുന്നത്തുനാട്ടിൽ പട്ടിമറ്റം ജംഗ്ഷനിലും,പൊലീസ് സ്റ്റേഷനു മുന്നിലും ബാരിക്കേഡുകൾ നിരത്തി പൊലീസ് പരിശോധന നടത്തി. പുത്തൻകുരിശിൽ ദേശീയപാത കോലഞ്ചേരിയിലും, പൊലീസ് സ്റ്റേഷനു മുന്നിലുമായിരുന്നു പരിശോധന.
കുന്നത്തുനാട്ടിൽ നിയന്ത്രണം തെറ്റിച്ച് കറങ്ങി നടന്ന 10 ബൈക്കുകൾ പിടിച്ചെടുത്ത് കേസെടുത്തു. പുത്തൻകുരിശിൽ 7 ബൈക്കും, ഒരു എയ്സ്, മിനി ലോറി,ഓട്ടോയും പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങൾ ലോക്ക് ഡൗൺ കാലാവധിയ്ക്ക് ശേഷമേ വിട്ടു നൽകൂ.