corona

കൊച്ചി: ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ലീഗൽ മെട്രോളജി വകുപ്പും ജില്ലാ ഭരണകൂടവും പരിശോധന ശക്തമാക്കി. വിപണി നിരീക്ഷണത്തിനായി മൂന്ന് സംഘങ്ങൾ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ദിവസവും ഇവരുടെ പ്രവർത്തന റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്. കൃത്രിമ വിലവർദ്ധന തടയുന്നതിന്റെ ഭാഗമായാണ് നടപടി. കൃത്രിമ വിലക്കയറ്റം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി.

എറണാകുളം മാർക്കറ്റിൽ ജില്ലാ കളക്ടർ എസ് സുഹാസ് മിന്നൽ പരിശോധന നടത്തി. കളക്ടർ ഉപഭോക്താക്കളും വില്‍പനക്കാരുമായി ആശയവിനിമയം നടത്തി. പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിതരണം ജില്ലയിൽ കാര്യക്ഷമമാക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. അവശ്യസാധനങ്ങളുടെ വിതരണം സുഗമമാക്കുന്നതിനായി പൊലീസ് വകുപ്പിന്റെ എല്ലാവിധ സഹകരണവും ഉണ്ടാകും. പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണത്തിന് യാതൊരു തടസ്സവും ഇല്ല. ആളുകൾ ആവശ്യത്തിലധികം സാധനങ്ങൾ വാങ്ങുന്ന പ്രവണത ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.