മൂവാറ്റുപുഴ: കൊറോണ രോഗവ്യാപനത്തെ തുടർന്ന് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മൂവാറ്റുപുഴ താലൂക്കിൽ ദുരിതത്തിലായ ഇതര തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാൻ മൂവാറ്റുപുഴ മിനിസിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും, മുനിസിപ്പൽ പ്രദേശങ്ങളിലും താമസിച്ച് ജോലിയെടുക്കുന്ന ഇതര തൊഴിലാളികൾക്ക് ഭക്ഷണം, വൈദ്യസഹായം, സുരക്ഷിത താമസം എന്നിവ ഒരുക്കുന്നതിന് അതാത് പ്രദേശത്തെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷൻമാരെയും സെക്രട്ടറിമാരെയും യോഗം ചുമതലപ്പെടുത്തി.
വാർഡുകൾ കേന്ദ്രീകരിച്ച് ഇവരുടെ കണക്കെടുപ്പ് നടത്തുന്നതിനും ഇവർക്കാവശ്യമായ ഭക്ഷണ ക്വിറ്റുകൾ എത്തിച്ച് കൊടുക്കുന്നതിനും ഭക്ഷണം പാകം ചെയ്ത് കഴിക്കാൻ കഴിയാത്ത ഇതര തൊഴിലാളികൾക്ക് കമ്മ്യൂണിറ്റി അടുക്കള വഴി ഭക്ഷണം എത്തിക്കാനും തീരുമാനമായി.
തൊഴിലില്ലാത്തതിനാൽ വാടക കൊടുക്കാൻ കഴിയാത്ത ഇതര തൊഴിലാളികളെ കെട്ടിട ഉടമകൾ ഇറക്കിവിടുന്നുണ്ടോയെന്ന് നീരിക്ഷിക്കണമെന്ന് അനൂപ് ജേക്കബ് എം.എൽ.എആവശ്യപ്പെട്ടു ഇതരസംസ്ഥാന തൊഴിലാളികളെ സംരക്ഷിക്കുന്നതോടൊപ്പം സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവരുടെ സംരക്ഷണവും ഏറ്റെടുക്കണമെന്ന് എൽദോ എബ്രഹാം എം.എൽ.എ ആവശ്യപ്പെട്ടു. കമ്മ്യൂണിറ്റി അടുക്കള തയ്യാറാക്കുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപന മേധവികൾ ആവശ്യമായ സ്ഥലം കണ്ടെത്തി അറിയിക്കുന്ന മുറയ്ക്ക് പാകം ചെയ്യുന്നതിനുള്ള അവശ്യസാധനങ്ങൾ എത്തിച്ച് നൽകുമെന്നും തഹസീൽദാർ പറഞ്ഞു., ആർ.ഡി.ഒ. സാബു.കെ.ഐസക്ക്, ഡിവൈ.എസ്.പി എ.അനിൽകുമാർ, തഹസീൽദാർ പി.എസ്.മധുസൂദനൻ താലൂക്കിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ അദ്ധ്യക്ഷൻമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.