കൊച്ചി : ഒരു ആരോറൂട്ട് ബിസ്കറ്റിൽ 19 തുളകളുണ്ട്. ഒരു കിലോ മിക്സ്ചറിൽ എത്ര കടലയുണ്ടെന്ന് നാളെ എണ്ണിപ്പറയാം. വേറെ പണിയൊന്നും ഇല്ലല്ലോ.. കൊറോണയെ തുരത്താൻ വീട്ടിലിരുന്ന് മടുത്ത ഏതോ വിരുതൻ വാട്ട്സ് അപ്പിൽ പറത്തി വിട്ട കമന്റാണിത്. കൊറോണ വാർത്തകൾ ദിനംപ്രതി കേട്ട് തല പെരുത്തു തുടങ്ങിയ മലയാളിക്ക് ഇത്തരം തമാശകൾ ഒരാശ്വാസമാണ്.

സുഹൃത്തേ, സ്വന്തം വീട്ടിൽ വെറുതേ കാലും നീട്ടി സോഫായിൽ കിടന്ന്, ടി.വിയും കണ്ട് ഇൗ ലോകത്തെ മുഴുവൻ രക്ഷിക്കാൻ ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന സുവർണ്ണാവസരമാണിത്. പാഴാക്കരുത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് വീട്ടിലിരിക്കാൻ പല തരത്തിൽ പറഞ്ഞിട്ടും കേൾക്കാത്ത മലയാളിയോട് ഇത്തിരി ഫിലോസഫിക്കലായി ട്രീറ്റ് ചെയ്ത വാട്ട്സ് അപ്പ് സന്ദേശമാണിത്. എന്നിട്ടും രക്ഷയില്ലെന്ന് കണ്ട്, സോഷ്യൽ മീഡിയയിലെ ബ്രോസ് അറ്റകൈ പ്രയോഗിച്ചു. വീട്ടിലിരി ..... (ബാക്കി പച്ചത്തെറിയാണ്). അതു ഫലം കണ്ടു. ഇതൊരു കാമ്പെയിനായി കുറേപ്പേരെങ്കിലും ഏറ്റെടുത്തു.

മറ്റൊരു സന്ദേശമിങ്ങനെ : ഇപ്പോൾ വീട്ടിലിരിപ്പായി. അടിക്കടി കൈ കഴുകുന്നതു കണ്ട ഭാര്യ പറഞ്ഞു. ഒാരോ തവണ കൈ കഴുകുമ്പോഴും രണ്ടു പാത്രം കൂടി കഴുകിക്കോ, വെള്ളോം സോപ്പും വെറുതേ കളയണ്ട.. വേനൽകാലമാണ്. വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന അടിക്കുറിപ്പും ഇൗ സന്ദേശത്തിൽ ഫിറ്റ് ചെയ്തിട്ടുണ്ട്.

ആദ്യത്തെ ലോക്ക് ഡൗൺ ദിനത്തിൽ സർക്കാരിന്റെ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി നാട്ടുകാർ റോഡിലിറങ്ങിയപ്പോൾ ഒരു മെസേജ് പറന്നു നടന്നു : മലയാളിയെ പറഞ്ഞു മനസിലാക്കുന്നതിലും എളുപ്പം കൊറോണയെ പറഞ്ഞു മനസിലാക്കാനാണ്.

ഇനിയും മരുന്നു കണ്ടു പിടിച്ചിട്ടില്ലാത്ത കൊറോണയെ പേടിച്ച് സ്കൂളുകളൊക്കെ നേരത്തെയടച്ചപ്പോൾ കുട്ടികൾ അവധിക്കാലം ആഘോഷമാക്കാൻ തുടങ്ങി. ഇൗ ഘട്ടത്തിൽ പ്രചരിച്ച മറ്റൊരു കമന്റുണ്ട്. ഇങ്ങനെ പോയാൽ കേരളത്തിലെ ഏതെങ്കിലും അമ്മ കൊറോണയ്ക്ക് മരുന്നു കണ്ടു പിടിക്കും... തീർച്ച.

ഐസൊലേഷനിൽ കഴിയാൻ പറഞ്ഞിട്ടും കൂട്ടാക്കാതെ പുറത്തിറങ്ങി നടന്ന് രോഗം പരത്തിയവരെയും സോഷ്യൽ മീഡിയ വെറുതേ വിടുന്നില്ല. ദൈവമേ ഇവർക്ക് കൊറോണ പെട്ടെന്നു കുറയണേ.. എന്നിട്ടു വേണം മനസറിഞ്ഞ് ഒന്ന് ആദരിക്കാൻ...

ഇങ്ങനെ കോമഡി നമ്പരുകളും ട്രോളുകളും പൊങ്കാലയുമൊക്കെ വൈറലായി പടർന്നു പിടിക്കുമ്പോൾ മലയാളി കൊറോണക്കാലം സോഷ്യൽ മീഡിയയിൽ തകർക്കുകയാണ്. ചിരി മാത്രമല്ല, സൗജന്യമായി ബുക്കുകൾ ഡൗൺലോഡ് ചെയ്തു വായിക്കാൻ കഴിയുന്ന ഒരുപിടി വെബ്സൈറ്റുകളുടെ വിലാസങ്ങളും ഹിന്ദി ഗസൽ പാട്ടുകളുമൊക്കെ പ്രചരിക്കുന്നുണ്ട്.

കൊറോണയെ തുരത്താൻ നാടു നീളെ ആരോഗ്യ പ്രവർത്തകരും പൊലീസും പ്രചരണം തുടങ്ങിയപ്പോൾ തന്നെ വാട്ട്സ് അപ്പിലും ഫേസ് ബുക്കിലും ഒാടി നടന്ന നാലുവരിയുണ്ട്. കേട്ടാൽ ഹരിവരാസനത്തിന്റെ ഛായ തോന്നുന്ന നാലു വരി. അതിങ്ങനെ :

അകലപാലനം വിശ്വരക്ഷകം

ഹസ്ത വാഷിതം കൊറോണ നാശകം

ഭവനവാസിതം ഹർഷകാരകം

കോവിഡാന്തകം ശാസ്ത്രമാശ്രയേൽ..