pinappil
വിളവെടുപ്പിനു പാകമായ പൈനാപ്പിള്‍തോട്ടം

മൂവാറ്റുപുഴ: കൊറോണ രോഗ വ്യാപനത്തെ തുടർന്ന് രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പൈനാപ്പിൾ കർഷകർ ദുരിതത്തിൽ. പൈനാപ്പിൾ സർക്കാർ സംഭരിച്ച് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണ ക്വിറ്റിൽ ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൽദോ എബ്രഹാം എം.എൽ.എ വകുപ്പു മന്ത്രിമാരായ വി.എസ്.സുനിൽകുമാറിനോടും പി.തിലോത്തമനോടും ആവശ്യപ്പെട്ടു. വിഷയം സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രിമാർ അറിയിച്ചതായി എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.

3000ത്തോളം ടൺ പൈനാപ്പിളാണ് വിളവെടുക്കാനാകാത കെട്ടികിടക്കുന്നതെന്ന് വാഴക്കുളത്തെ വ്യാപാരികൾ പറയുന്നു.

ഇത്രയധികം പൈനാപ്പിൾ സംഭരിക്കാൻ വാഴക്കുളം അഗ്രോ ഫ്രൂട്ട് പ്രോസസിഗ് കമ്പനിയ്ക്കും ഹോർട്ടിക്രോപ്പിനും കഴിയില്ല. ഇക്കാരണത്താൽ കർഷകരുടെ തോട്ടങ്ങളിൽ കെട്ടികിടക്കുന്ന പൈനാപ്പിൾ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് സംഭരിച്ച് ജനങ്ങൾക്ക് വിതരണം ചെയ്താൽ കർഷകർക്ക് ആശ്വാസമാകും.

#പൈനാപ്പിൾ വിപണി ഇടിഞ്ഞു

രണ്ടാഴ്ച മുമ്പ് വരെ കിലോക്ക് 30 രൂപക്ക് വിറ്റിരുന്ന പൈനാപ്പിൾ ഇപ്പോൾ ആർക്കും വേണ്ട. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പൈനാപ്പിൾ വിപണിയായ വാഴക്കുളം മാർക്കറ്റിൽ നിന്നും കഴിഞ്ഞ ആഴ്ചകളിൽ ദിവസവും നൂറിലധികം ലോഡ് പൈനാപ്പിളായിരുന്നു കയറ്റി അയച്ചിരുന്നത്. എന്നാൽ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യപിച്ചതോടെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലടക്കും പൈനാപ്പിൾ വേണ്ടാത്ത അവസ്ഥയായി. അവിടെ മാർക്കറ്റുകൾ പലതും അടച്ചതും, ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുന്നതും വിനയായി.