ആലുവ: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് ജീവിതം വഴിമുട്ടിയ അന്ധനായ ലോട്ടറി വില്പനക്കാരൻ ബാലമുരുകന് സഹായവുമായി നിരവധി പേർ. ചൊവ്വര ചാരിറ്റബിൾ സെസൈറ്റി പത്ത് ദിവസത്തേക്കുള്ള ഭക്ഷണവും വീടിന്റെ വാടകയും നൽകും.
ഇന്നലെ ഇമാം ഫൈസൽ അസ്ഹരി, സാമൂഹ്യപ്രവർത്തകൻ കെ. രഞ്ജിത്കുമാർ എന്നിവർ ബാലമുരുകനെ സന്ദർശിച്ച് സഹായം വാഗ്ദാനം ചെയ്തു. ചാരിറ്റബിൾ സൊസൈറ്റിയുടെ സഹായം അവസാനിക്കുന്ന മുറയ്ക്ക് ചുമതല ഏറ്റെടുക്കാൻ ഇരുവരും സന്നദ്ധത അറിയിച്ചു. അന്ധതയെ തോല്പിച്ച് അദ്ധ്യാപക യോഗ്യത നേടിയിട്ടും ഉപജീവനത്തിനായിട്ടാണ് ബാലമുരുകൻ ലോട്ടറി വിൽക്കാനിറങ്ങിയത്. ലോട്ടറിവില്പന നിലച്ചതോടെ ബാലമുരുകന്റെ ജീവിതവും വഴിമുട്ടിയത് സംബന്ധിച്ച് 'കേരളകൗമുദി' ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങൾ വാർത്ത നൽകിയിരുന്നു.
മൂന്നാർ പള്ളിവാസൽ സ്വദേശിയായ ബാലമുരുകൻ കീഴ്മാട് കുന്നുംപുറത്താണ് വാടകയ്ക്ക് താമസിക്കുന്നത്.