കളമശേരി : യുവാവിന്റെ ഭീഷണിയിൽ മനംനൊന്ത് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരമായി പൊള്ളലേറ്റ വിദ്യാർത്ഥിനി മരണമടഞ്ഞു. കങ്ങരപ്പടി പല്ലങ്ങാട്ട് മുകൾ ഗോപിക സാബുവാണ് (17) ബുധനാഴ്ച്ച രാത്രി 9 മണിയോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ ഗോപിക വീട്ടിൽവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
അയൽപക്കത്തെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശിയായ സിബി (19) തന്നെ പതിവായി ശല്യപ്പെടുത്തിയിരുന്നതായി ഗോപിക വീട്ടിൽ അറിയിച്ചിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച ദിവസം രാവിലെ ഇയാൾ ഗോപികയെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സിബി റിമാൻഡിലാണ്. സ്വകാര്യ ബസ് ജീവനക്കാരനായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ ഗോപികയെ കളമശേരി ഗവ. മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രി കൊറോണ ചികിത്സാ കേന്ദ്രമായി മാറ്റിയതിനാൽ തിങ്കളാഴ്ച എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിതാവ് സാബു കുടുംബവുമായി അകന്നാണ് കഴിയുന്നത്. മാതാവ് :സിനി. നാലു വയസുകാരനായ ഗോവിന്ദ് സഹോദരനാണ്.