പറവൂർ : അന്യസംസ്ഥാന തൊഴിലാളികളെ വാടക നൽകിയില്ലെന്ന കാരണത്താൽ കൂട്ടത്തോടെ താമസസ്ഥലം അടച്ചുപൂട്ടി ഉടമ ഇറക്കിവിട്ടു. പറവൂർ നഗരത്തിൽ ഗവ. ഗേൾസ് സ്കൂളിനു സമീപത്ത് താമസിച്ചിരുന്ന 27 അന്യസംസ്ഥാന തൊഴിലാളികളെയും മൂന്നു മലയാളികളെയുമാണ് ഇന്നലെ രാവിലെ ഉടമ ഇറക്കിവിട്ടത്. 110 രൂപ പ്രതിദിന വാടകയ്ക്കാണ് ഇവിടെ തൊഴിലാളികൾ താമസിച്ചിരുന്നത്. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതുമുതൽ ഇവർക്ക് ജോലിയില്ല. ഉടമ എല്ലാദിവസവും എത്തിയാണ് വാടക വാങ്ങിയിരുന്നത്. ഇന്നലെ വന്നപ്പോൾ ചില തൊഴിലാളികൾക്ക് മുഴുവൻ തുകയും നൽക്കാൻ സാധിച്ചില്ല. ഇതോടെ എല്ലാവരെയും പുറത്തിറക്കി താമസസ്ഥലം അടച്ചു. നാട്ടുകാർ പറഞ്ഞതനുസരിച്ച് ഇവർ പൊലീസ് സ്റ്റേഷനിലേയ്ക്ക് പോകുന്നതിനിടെ നഗരസഭ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ ഇടപെട്ട് തിരികെ താമസസ്ഥലത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. സ്ഥലത്ത് നഗരസഭാ കൗൺസിലർമാരും പൊലീസുമെത്തി ഉടമയെ വിളിച്ചുവരുത്തി ഇവരെ താമസിപ്പിക്കാനുള്ള നിർദ്ദേശം നൽകി. മണിക്കൂറുകൾക്കുള്ളിൽ ഉടമ വൈദ്യുതിയും വെള്ളവും വിച്ഛേദിച്ചു. തൊഴിലാളികൾ വിവരം അറിയിച്ച ഉടനെ പൊലീസും നഗരസഭാ അധികൃതരും വീണ്ടുമെത്തി ഉടമയ്ക്ക് താക്കീത് നൽകി വൈദ്യുതിയും വെള്ളവും പുന:സ്ഥാപിച്ചു. നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് ലഭിച്ചാൽ ഇതുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുമെന്ന് നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ പറഞ്ഞു.

# നഗരസഭ അടച്ചുപൂട്ടിയ താമസസ്ഥലം

അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതിന് മതിയായ സൗകര്യങ്ങളില്ലെന്നും ശുചിത്വം പാലിക്കുന്നില്ലെന്നും നഗരസഭ ആരോഗ്യ വിഭാഗം പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് മാസങ്ങൾക്ക് മുമ്പ് കെട്ടിടത്തിലെ ഇതരസംസ്ഥാനക്കാരെ ഒഴിപ്പിച്ചിരുന്നു. നഗരസഭയുടാ നടപടിക്കെതിരെ കെട്ടിട ഉടമ കോടതിയിൽ നിന്ന് വിധി സമ്പാദിച്ചാണ് വീണ്ടും ഇവിടെ തൊഴിലാളികളെ പാർപ്പിച്ചത്. ഈ താമസസ്ഥലത്തിനെതിരെ സമീപവാസികൾ നിരവധി തവണ പൊലീസിനും ആരോഗ്യവകുപ്പിനും പരാതി നൽകിയിട്ടുണ്ട്.