drivers
മുംബയിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയ ലോറി ഡ്രൈവർമാരും ക്ളീനർമാരും

ആലുവ: ലോക്ക്ഡൗണിന്റെ ഭാഗമായി മുംബയിൽ കുടുങ്ങിയ മുപ്പതോളം ലോറി ഡ്രൈവർമാരും ക്ളീനർമാരും പൊതുപ്രവർത്തകരുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താൽ ഇന്നലെ രാവിലെ നാട്ടിലെത്തി.

എറണാകുളത്തിന് പുറമെ ഇടുക്കി, വയനാട്, പാലക്കാട്, കോട്ടയം, കോഴിക്കോട് ജില്ലകളിൽപ്പെട്ട ഡ്രൈവർമാരും ക്ളീനർമാരുമാണ് രണ്ടുദിവസം കുടിവെള്ളം പോലുമില്ലാതെ മുംബയിലെ ഭീവണ്ടിയിൽ കുടുങ്ങിയത്. 11 ലോറികളും മൂവാറ്റുപുഴയിൽ നിന്ന് പൈനാപ്പിൾ, ഇഞ്ചി, ചക്ക എന്നിവയുമായി ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിലേക്ക് പോയതാണ്. ലോക്ക്ഡൗണിന്റെ ഭാഗമായി തിരിച്ചുള്ള ചരക്കുകൾക്ക് കാത്തുനിൽക്കാതെ മടങ്ങുന്നതിനിടെയാണ് മുംബയിൽ കുടുങ്ങിയത്. സി.ഐ.ടി.യു, ബി.ജി.പി, കേരള ട്രക്ക് ഓണേഴ്സ് അസോസിയേഷൻ, മുംബയ് മലയാളി അസോസിയേഷൻ എന്നിവയുടെ സഹായത്തോടെ താനെ പൊലീസുമായി ബന്ധപ്പെട്ടാണ് ഇവർക്ക് നാട്ടിലേക്ക് യാത്രതുടരാൻ അവസരമൊരുക്കിയത്.