കൊച്ചി : കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും തെരുവിൽ കഴിയുന്ന വൃദ്ധർക്കും മറ്റു നിരാലംബർക്കും ഭക്ഷണം എത്തിക്കാൻ അഞ്ചു കമ്മ്യൂണിറ്റി കിച്ചൺ സെൻ്ററുകൾ ആരംഭിക്കാൻ നഗരസഭ തീരുമാനിച്ചു. ആവശ്യമായ അരി, പലവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ ലഭ്യമാക്കണമെന്ന് സപ്ലൈകോ, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്പ് മേധാവികളോട് മേയർ അഭ്യർത്ഥിച്ചു.
നോർത്ത് ടൗൺഹാൾ, ഇടപ്പള്ളി കോർപ്പറേഷൻ ഓഫീസ്, വൈറ്റില പൊന്നുരുന്നി ക്ഷേത്രത്തിന് സമീപത്തെ കമ്മ്യൂണിറ്റി സെൻ്റർ,മട്ടാഞ്ചേരി ടൗൺഹാൾ, പള്ളൂരുത്തി കമ്മ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലാണ് കമ്മ്യൂണിറ്റി കിച്ചൺ സെൻ്ററുകൾ തുറക്കുന്നത്. ഓരോ സെൻ്ററുകളുടെയും പ്രവർത്തനം ഉറപ്പാക്കാൻ ഹെൽത്ത് ഇൻസ്‌പെക്ടറെയും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെയും ചുമതലപ്പെടുത്തും. മേൽനോട്ട ചുമതല സ്ഥിരം സമിതി ചെയർമാൻമാരെ ഏൽപ്പിക്കാനും സ്റ്റിയറിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. കൊച്ചിയെ വിശപ്പ് രഹിത നഗരമാക്കുകയാണ് നഗരസഭ
ലക്ഷ്യമാക്കുന്നതെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു.