പനങ്ങാട്. ചേപ്പനം കുറുന്തോടത്ത് ക്ഷേത്രത്തിലെ മേൽശാന്തിയെ അരൂരിൽ വച്ച് ബൈക്ക് തടഞ്ഞുനിർത്തി പൊലീസ് മർദ്ദിച്ചതായി പരാതി.സ്വദേശമായ കുത്തിയതോടിൽ നിന്നും ചേപ്പനം ക്ഷേത്രത്തിലേക്ക് വരുകയായിരുന്ന ശാന്തിയെ അരൂരിൽ വച്ചാണ് പൊലീസ് തടഞ്ഞത്. കുറുന്തോടത്ത് ക്ഷേത്രത്തിലെ മഹോത്സവം നാളെ നടക്കേണ്ടത് കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി ഒഴിവാക്കുകയും ക്ഷേത്രം അടച്ചിട്ടിരിക്കുകയുമാണ്.ഭക്തന്മാരുടെ പ്രവേശം നിരോധിച്ചിട്ടുണ്ട്. എങ്കിലും ശ്രീകോവിൽ തുറന്ന് രാവിലെ പ്രാഥമിക ശുദ്ധിക്രിയകൾ നടത്തി നട അടക്കുന്ന ചടങ്ങു നിറവേറ്റുന്നതിന് ശാന്തി വേണം.ഇത്തരം കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതിരുന്ന പൊലീസിനോട് കമ്മറ്റിക്കാരുടെ സാക്ഷ്യപത്രം കാണിച്ചെങ്കിലും പൊലീസ് വെറുതെവിട്ടില്ല. ഭാരവാഹികളുടെ കത്തുളള ശാന്തിമാരെ തടയേണ്ടെന്ന ദേവസ്വം മന്ത്രിയുടെ അറിയ്യിപ്പുണ്ടായിട്ടും ശാന്തിക്കാരനെ പൊലീസ് മർദ്ദിച്ചതിൽ പനങ്ങാട് എസ്.എസ്.സഭാ സെക്രട്ടറി കെ.കെ.മണിയപ്പൻ പ്രതിഷേധം അറിയിച്ചു.പൊലീസിൻ്റെ അടിയേറ്റ കാലിലെ പാടുകൾ പ്രദർശിപ്പിച്ചുകൊണ്ടുളള ശാന്തിക്കാരൻ്റെ വാട്സാപ്പ്സന്ദേശങ്ങളും വൈറലായിട്ടുണ്ട്.