വൈപ്പിൻ : കൊറോണ പ്രതിരോധ മുൻകരുതലുകളുടെ ഭാഗമായി വീടുകളിൽ നിന്ന് പുറത്തേക്ക് പോകാൻ കഴിയാത്തവർക്ക് ' നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങളുമുണ്ട് കൂടെ ' എന്ന പദ്ധതിക്ക് നായരമ്പലം സർവീസ് സഹകരണ ബാങ്ക് തുടക്കം കുറിച്ചു. നായരമ്പലത്തെ മുഴുവൻ വീടുകളിലും പലവ്യഞ്ജന കിറ്റുകൾ സൗജന്യമായി എത്തിക്കും. സർക്കാർ പ്രഖ്യാപിച്ച സാമൂഹ്യ അടുക്കള പദ്ധതി മംഗല്യ ഓഡിറ്റോറിയം വഴി നടപ്പാക്കും. കാൻസർ, കിഡ്‌നി, ഹാർട്ട് രോഗികൾക്ക് മെഡിക്കൽ ഷോപ്പിൽ നിന്ന് മരുന്ന് വാങ്ങുവാൻ കഴിയാത്ത സാഹചര്യം ഉണ്ടെങ്കിൽ സൗജന്യ നിരക്കിൽ മരുന്ന് എത്തിച്ചുകൊടുക്കും. ബാങ്കിന്റെ ഈ പ്രവർത്തനങ്ങളിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകർ, റസിഡൻസ് അസോസിയേഷനുകൾ, കുടുംബശ്രീ, യുവജന സന്നദ്ധസംഘടനകൾ തുടങ്ങിയവയുടെ സഹായ സഹകരണങ്ങൾ ഉണ്ടാകണമെന്ന് ബാങ്ക് പ്രസിഡന്റ് പി.കെ. രാജീവ് അഭ്യർത്ഥിച്ചു.