കൊച്ചി: എറണാകുളം ജില്ലാ ജനറൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ മെഡിക്കൽ സ്റ്റാഫിനും 'ലോക്ക് ഡൗൺ' കഴിയുന്നത് വരെ ടി.ജെ.വിനോദ് എം.എൽ.എയുടെ നേതൃത്വത്തിൽ രാത്രി ഭക്ഷണം എത്തിക്കും. പദ്ധതിയുടെ ഉദ്ഘാടനം ആർ.എം. ഒ ഡോ. പി.ജെ.സിറിയക്കിന് ഭക്ഷണപ്പൊതികൾ നൽകി എം.എൽ.എ നിർവഹിച്ചു.

'കരുതലായ് എറണാകുളം' എന്ന എം .എൽ. എ യുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായാണ് 450 ലധികം വരുന്ന ജീവനക്കാർക്ക് എല്ലാ ദിവസവും ഭക്ഷണമെത്തിക്കുന്നത്. എറണാകുളം മെഡിക്കൽ കോളേജിൽ കൊറോണ രോഗികളുടെ ചികിത്സ ആരംഭിച്ചതോടെ അവിടെയുണ്ടായിരുന്ന രോഗികളെയും ജനറൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രാവിലെയും വൈകുന്നേരവുമുള്ള ഷിഫ്ടുകളിൽ ജോലി ചെയ്യുന്നവർക്ക് ഒരു പോലെ ഉപകാരപ്രദമാവുമെന്നതിനാലാണ് വൈകുന്നേരത്തെ ഭക്ഷണം എത്തിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. നഗരസഭ കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ, യൂണിടെക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പൻ തുടങ്ങിയവർ പങ്കെടുത്തു