police-

കൊച്ചി: കൊറോണ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പൊലീസ് നടപടിക്ക് നാലാം ദിവസത്തിലും മാറ്റമില്ല. നിരത്തുകൾ വിജനമാണെങ്കിലും വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ മടക്കി അയയ്ക്കുന്നതടക്കമുള്ള കാഴ്ചയാണ് ഇന്നും കൊച്ചി നഗരത്തിൽ കാണാൻ സാധിക്കുന്നത്. ജില്ലയിലെ എല്ലാ റോഡുകളിലും ശക്തമായ പരിശോധനയാണ് നടക്കുന്നത്. അത്യാവശ്യക്കാരെ മാത്രമേ കടത്തിവിടുന്നുള്ളു.അതേസമയം, ആവശ്യ സാധങ്ങൾ വാങ്ങാൻ എത്തുന്നവരെ പൊലീസ് തടയുന്നില്ല. കഴിഞ്ഞ ദിവസം സാധനങ്ങൾ വാങ്ങാനായി എത്തിയവരെയും മടക്കി അയച്ചത് വിവാദമായിരുന്നു. ഇതേതുടർന്ന് പ്രത്യേകം ചോദിച്ചറിഞ്ഞ ശേഷമാണ് ഇത്തരക്കാരെ കടത്തി വിടുന്നത്. കടകളും പെട്രോൾ പമ്പുകളും രാവിലെ മുതൽ തുറന്ന് പ്രവർത്തിക്കുന്നുണ്ട്.

നിരത്തുകളിൽ ആളുകൾ കുറഞ്ഞെങ്കിലും പ്രാദേശികമായി ഒത്തുചേർന്ന് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകളെക്കുറിച്ച് നിരവധി പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭൂരിഭാഗവും നാട്ടുകാർ തന്നെ വിളിച്ചറിയിക്കുന്നതാണ്. സാമൂഹ്യവിരുദ്ധരുടെ ശല്യവും പലയിടങ്ങളിലുമുണ്ട്. ഇത്തരം സ്ഥലങ്ങളിൽ അടിയന്തരമായി പൊലീസ് എത്തി ആളുകളെ ഒഴിവാക്കുന്നുണ്ട്. ഇന്നലെ 268 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. 283 പേർ അറസ്റ്റിലായി. 218 വാഹനങ്ങൾ പിടിച്ചെടുത്തു. അതേസമയം, വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് മൂന്ന് പേർക്കെതിരെ കൊച്ചി സിറ്റി പൊലിസ് കേസെടുത്തിട്ടുണ്ട്. എറണാകുളം റൂറലിൽ 143 കേസുകളിലായി 143 പേരാണ് അറസ്റ്റിലായത്. 115 വാഹനങ്ങൾ ഇവിടെ പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചി സിറ്റിയിൽ 125 കേസുകളിലായി 140 പേരെ അറസ്റ്റ് ചെയ്യുകയും 103 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ലോക്ക്ഡൗൺ പിൻവലിക്കുന്ന ദിവസമായിരിക്കും ഇവ വിട്ടുനൽകുക.