കൊച്ചി: കൊച്ചിയിൽ നിന്നും മൂവാറ്റുപുഴ വരെ നടന്നത് 40 ലധികം കിലോമീറ്റർ. ഇതിനിടെ സംഘത്തിലെ രണ്ട് പേർ തലചുറ്റിവീണു. എങ്കിലും, വീട്ടിൽ പോകണം, കുടുംബത്തെ കാണണം അതുമാത്രമായിരുന്നു തെങ്കാശി സ്വദേശികളായ അഞ്ചംഗ സംഘത്തിന്റെ മനസിൽ. ഒടുവിൽ, യാതനകൾക്ക് ഇന്നലെ രാത്രി ഫലം കണ്ടു. മൂവാറ്റുപുഴയിൽ പച്ചക്കറി എത്തിച്ച് തിരിച്ചുപോകുന്ന ലോറിയിൽ നാട്ടിലേക്ക് മടക്കം.
എറണാകുളത്തെ ഫർണിച്ചർ കട പൂട്ടിയതോടെയാണ് തെങ്കാശി സ്വദേശികളായ യുവാക്കൾ ദുരിതത്തിലായത്. ഫർണിച്ചർ കടയിലായിരുന്നു ഇവരുടെ താമസം. കടയ്ക്ക് പൂട്ട് വീണതോടെ, താമസ സൗകര്യം നഷ്ടപ്പെട്ടു. തുടർന്ന് രണ്ട് ദിവസം കൊച്ചിയിൽ തങ്ങി. എന്നാൽ, ഭക്ഷണവും കുടിവെള്ളവും കിട്ടതായതോടെ തീർത്തും ബുദ്ധിമുട്ടിലായി. എറണാകുളം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ലഭിക്കുമോയെന്ന് അറിയാൻ കറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ ബുധനാഴ്ച രാത്രി 12 മണിയോടെ നാട്ടിലേക്ക് നടന്നു പോകാൻ തീരുമാനിക്കുകയായിരുന്നു.
മൂവാറ്റുപുഴ പച്ചക്കറി മാർക്കറ്റിൽ എത്തിയാൽ പച്ചക്കറിയുമായി എത്തി മടങ്ങുന്ന ലോറികളുണ്ടാകുമെന്ന പ്രതിക്ഷയിലായിരുന്നു ഇവർ. ഇതിനിടെയാണ് രണ്ട് പേർ കുഴഞ്ഞ് വീണത്. സംഭവമറിഞ്ഞ ചിലർ ഇവർക്ക് ഭക്ഷണവും മറ്റും നൽകുകയും, ശേഷം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലേക്കു മാറ്റുകയും ചെയ്തു. രാത്രിയോടെ ലോറിയിൽ യാത്ര തരപ്പെട്ടതോടെ ക്യാമ്പിൽ നിന്നും ചിരിച്ച മുഖവുമായി അവർ മടങ്ങുകയായിരുന്നു.
'തങ്കപ്പെട്ട' മുതലാളി കുടുങ്ങും?
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കൊച്ചിയിലെ ഫർണിച്ചർ കടയുടമ കടയ്ക്ക് ലോക്കിട്ടു. ജീവനക്കാർക്ക് 1000 രൂപാ വച്ച് നൽകി പറഞ്ഞു വിട്ടായിരുന്നു കട പൂട്ടിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നോർത്ത് പറവൂരിൽ ഇതരസംസ്ഥാന തൊഴിലാളികളെ വാടക വീട്ടിൽ നിന്നും ഇറക്കിവിട്ടത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഉണ്ടായാൽ കടുത്ത നടപടി സ്വീകരിക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു.