കൊച്ചി: എറണാകുളം കളമശേരിയിൽ യുവാവിന്റെ ഭീഷണി മൂലം ദേഹത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർത്ഥിനി മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത് . കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി വീട്ടിൽ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന കാഞ്ഞങ്ങാട് സ്വദേശിയായ 19 കാരൻ വിദ്യാർത്ഥിനിയെ പതിവായി ശല്യപ്പെടുത്തിയിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച ദിവസം രാവിലെ ഇയാൾ കുട്ടിയെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നും ആക്രമണമുണ്ടാകുമെന്ന് ഭയന്നാണ് വിദ്യാർത്ഥിനി ദേഹത്ത് തീ കൊളുത്തിയത്. യുവാവ് റിമാന്റിലാണ്. സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന ഇയാൾ ലഹരിക്കും കഞ്ചാവിനും അടിമയാണെന്ന് നാട്ടുകാർ പറഞ്ഞു.