കൊച്ചി : കൊറോണ നെഗറ്റീവ് ആയ രോഗികളുടെ സമ്പർക്ക പട്ടികയിലുള്ള 278 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്ന 89 പേരെ നിരീക്ഷണ കാലയളവ് പൂർത്തിയായതിനെത്തുടർന്ന് ഒഴിവാക്കി. കളമശേരി മെഡിക്കൽ കോളജിൽ നിന്ന് ഇന്നലെ 7 പേരെ വിട്ടയച്ചു. ഫ്രാൻസിൽ നിന്ന് തിരികെയെത്തിയ ശേഷം രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥി 17ന് ന്യൂഡൽഹിയിൽ നിന്നു കൊച്ചി വരെ സഞ്ചരിച്ച വിമാനത്തിലെ സഹയാത്രികരായ ജില്ലയിൽ നിന്നുള്ള 12 പേരെ നിരീക്ഷണത്തിലാക്കി.

അതേസമയം, 37 വയസുകാരന്റെ സമ്പർക്ക പട്ടികയിലുള്ള കൂടുതൽ പേരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടു. 17 ന് ഉച്ചയ്ക്ക് 12.30ന് സന്ദർശിച്ച കർത്തേടം സഹകരണ ബാങ്കിലെ 4 ജീവനക്കാരോടും അവിടെ ഇടപാടുകാരായി ഉണ്ടായിരുന്ന 10 പേരോടും വീട്ടിൽ സമ്പർക്ക വിലക്കിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്. 19ന് രാവിലെ 10.30 മുതൽ 11.15 വരെ ഇയാൾ സന്ദർശിച്ച വല്ലാർപാടം എസ്ബിഐയിലെ 3 ജീവനക്കാർക്കും 10 ഇടപാടുകാർക്കും ഇതേ നിർദേശം നൽകി. ഇതുവരെ ജില്ലയിൽ വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ ആകെ എണ്ണം 7,645. ഇനി പരിശോധനാഫലം ലഭിക്കാനുള്ളത് 39 സാമ്പിളുകൾ.