അങ്കമാലി: ടെൽക്ക് കമ്പനിയിലെ തൊഴിലാളികളുടെ ദീർഘകാല കരാറിന് സർക്കാർ അംഗീകാരം നൽകി. 25 ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. വിരമിച്ചവർ ഉൾപ്പെടെ 400 പേർക്ക് 2016 സെപ്തംബർ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെ ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിലാളികൾക്ക് മൂവായിരം മുതൽ പതിനായിരം രൂപ വരെ വർദ്ധനവ് ലഭിക്കും.അഞ്ചു വർഷമാണ് കരാർ കാലാവധി.

യു.ഡി.എഫ് ഭരണകാലത്ത് 48 കോടി രൂപ നഷ്ടത്തിലായിരുന്ന ടെൽക്ക് എൻ.സി. മോഹനൻ ചെയർമാനായി വന്നതിനു ശേഷം 2016-17-ൽ 6.7 കോടി ലാഭത്തിൽ ആക്കുകയും തുടർന്നുള്ള വർഷങ്ങളിൽ ക്രമാതീതമായ വർദ്ധനവ് ഉണ്ടാക്കുകയും ചെയ്തു. ഈ വർഷം പത്തുകോടി ലാഭമാണ് പ്രതീക്ഷിക്കുന്നത്. ടെൽക്കിനെ നഷ്ടത്തിൽ നിന്ന് കരകയറ്റുന്നതിനും തൊഴിലാളികളുടെ ജീവിത പ്രയാസങ്ങൾക്ക് പരിഹാരം കാണുന്നതിന് മുഖ്യമന്ത്രിയും സർക്കാരും കാണിച്ച കരുതലിലും സ്നേഹത്തിനും ടെൽക്ക് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു പ്രസിഡന്റ് പി. രാജീവും ജനറൽ സെക്രട്ടറി കെ.കെ. അംബുജാക്ഷനും നന്ദി പറഞ്ഞു.