കൊച്ചി: മദ്യ നിരോധന കാലമല്ലേ, വ്യാജൻ വാറ്റി കൊറോണക്കാലത്ത് പത്ത് പുത്തനുണ്ടാക്കാൻ ഇറങ്ങി പുറപ്പെടുന്നവരുടെ ശ്രദ്ധയ്ക്ക്. കൊടും കാട്ടിൽ കയറി വാറ്റിയാലും പിടിക്കപ്പെടും. സംസ്ഥാനത്ത് വ്യാജ മദ്യ നിർണമാണം തടയാൻ സ്പെഷ്യൽ ടീമിനെ തന്നെ രംഗത്ത് ഇറക്കിയിരിക്കുകയാണ് എക്സൈസ്. ഇതുസംബന്ധിച്ചുള്ള കമ്മിഷണറുടെ കർശന നിർദ്ദേശം എല്ലാ എക്സൈസ് സ്റ്റേഷനുകളിലും എത്തിക്കഴിഞ്ഞു. സി.ഐമാരടങ്ങുന്ന സംഘം ഇന്ന് മുതൽ ഓരോ പ്രദേശത്തും പരിശോധന നടത്തും.
കഴിഞ്ഞ ദിവസം കോഴിക്കോട് രണ്ട് ഇടങ്ങളിൽ നിന്നും 200 ലിറ്ററിലധികം വാഷും ആറ് ലിറ്റർ നാടൻ ചാരായവും പൊലീസ് പിടികൂടിയിരുന്നു. ഇതോടെയാണ്, സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ എക്‌സൈസ് കമ്മിഷണർ നിർദ്ദേശം നൽകിയത്. പിടികൂടുന്നവരെ അബ്കാരി വകുപ്പുകൾ ചുമത്തി അകത്തിടാനാണ് തീരുമാനം.
രാജ്യം സമ്പൂർണ ലോക്ക് ഡൗണിലേക്ക് നീങ്ങിയ സാഹചര്യത്തിൽ ഇക്കഴിഞ്ഞ 25നാണ് സംസ്ഥാനത്ത് ബാറുകളും ബിവറേജസ് ഔട്ട്‌ലറ്റുകളും അടച്ചിടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ഏപ്രിൽ 21 വരെയാണ് ബിവറേജും ബാറും അടച്ചിടുക. ആവശ്യക്കാർക്ക് മദ്യം ഓൺലൈൻ വഴി നൽകാനുള്ള സാദ്ധ്യത തേടിയെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
നിരോധനം പഠിക്കും
സംസ്ഥാനത്തെ താത്കാലിക മദ്യ നിരോധനത്തെക്കുറിച്ച് എക്സൈസ് പഠനം നടത്തുന്നു. 21 ദിവസത്തെ മദ്യ നിരോധനം മൂലം സംസ്ഥാനത്തുണ്ടാക്കുന്ന മാറ്റങ്ങളും പ്രശ്നങ്ങളുമാണ് വിഷയം. ഇതുസംബന്ധിച്ച റിപ്പോർട്ട് പിന്നീട് സർക്കാരിന് കൈമാറും. അതേസമയം, മദ്യം ലഭിക്കാതെ മാനസികമായി ബുദ്ധിമുട്ടുന്നവരെ കണ്ടെത്തി ചികിത്സ ഉറപ്പാക്കാനും എക്സൈസ് തീരുമാനിച്ചിട്ടുണ്ട്. ഓരോ പ്രദേശത്തും അതാത് എക്സൈസ് ഉദ്യോഗസ്ഥർക്കാണ് ചുമതല.
പരിശോധന തുടങ്ങി
കർശനമായും നടപ്പാക്കേണ്ട എട്ട് കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള കമ്മിഷണറുടെ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇത് ജില്ലയിലെ ഓരോ സ്റ്റേഷനുകളിലേക്കും കൈമാറുകയും നിർദ്ദേശങ്ങൾ നടപ്പാക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. വ്യാജ വാറ്റ് തടയുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി ശക്തമായ പരിശോധന ആരംഭിച്ചു കഴിഞ്ഞു.
എ.എസ് രഞ്ജിത്, ഡെപ്യൂട്ടി കമ്മിഷണർ, എറണാകുളം