കൊച്ചി: കൊറോണ മൂലം ക്ളാസുകൾ മുടങ്ങിയെങ്കിലും വിദ്യാർത്ഥികളുടെ പഠനം സുഗമമാക്കാൻ ആപ്പ് തയ്യാർ. അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി സാമൂഹിക അദ്ധ്യയനം സാദ്ധ്യമാക്കുന്ന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത്. കേരള സ്റ്റാർട്ടപ്പ് മിഷനിലെ സംരംഭമായ ലിൻവേയ്‌സ് ടെക്‌നോളജീസ് ഒരുക്കിയ ആപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സൗജന്യമായി നൽകും.
സ്‌കൂളുകൾ നേരത്തെ അടയ്ക്കുകയും പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ലോക്ക് ഡൗൺ നിലവിലുള്ളതിനാൽ സ്‌കൂളുകൾ എന്നു തുറക്കാൻ സാധിക്കുമെന്നും വ്യക്തമല്ല. പഠനം തുടരാനും പാഠഭാഗങ്ങൾ സമയത്ത് പഠിപ്പിച്ച് തീർക്കാനും സഹായിക്കുന്ന ആപ്പാണ് ലിൻവേയ്‌സ് വാഗ്ദാനം ചെയ്യുന്നത്.
രാജ്യത്തെ നൂറോളം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന സോഫ്‌റ്റ്‌വെയറാണ് സ്കൂളുകൾക്ക് കൂടി ലഭ്യമാക്കുന്നതെന്ന് കമ്പനി സഹസ്ഥാപകനായ ബാസ്റ്റിൻ തോമസ് പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ വകുപ്പ് മേധാവിക്കോ ആപ്പ് വഴി അദ്ധ്യയനം നിയന്ത്രിക്കാം. പാഠഭാഗങ്ങൾ ക്ലാസിലെ എല്ലാ കുട്ടികളിലേയ്ക്കും എത്തുന്നു. അദ്ധ്യാപകരുടെ വീഡിയോ ഉൾപ്പെടെ നൽകാനാകും. ഏതൊക്കെ പാഠഭാഗം പഠിപ്പിച്ചു, ഏതൊക്കെ കുട്ടികൾ പാഠഭാഗം വായിച്ചു, വീഡിയോ കണ്ടു തുടങ്ങിയ കാര്യങ്ങൾ അറിയാൻ സാധിക്കും. പ്രശ്‌നോത്തരി, ലഘു പരീക്ഷകൾ, സംശയനിവാരണം തുടങ്ങിയവയും നടത്താം. ആദ്യ മാസങ്ങളിൽ ആപ്പിന്റെ സേവനം സൗജന്യമായി നൽകും. കൂടുതൽ കാലത്തേക്ക് നീട്ടുന്നത് പരിഗണിക്കുമെന്നും ബാസ്റ്റിൻ തോമസ് പറഞ്ഞു.
കൊറോണയെ വെല്ലുവിളിക്കാനുള്ള ആശയങ്ങളും പരിഹാര മാർഗങ്ങളും തേടി കേരള സ്റ്റാർട്ടപ്പ് മിഷൻ 'ബ്രേക്ക് കൊറോണ' എന്ന പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.breackcorona.in