കോലഞ്ചേരി: ഈ കാക്കിയാണ് നാടിന്റെ കരുതൽ, കൊറോണ സുരക്ഷ മുൻ കരുതലിൽ പൊലീസിനെ വിമർശനവുമായി എത്തുമ്പോൾ ഒന്നോർക്കുക, നമുക്ക് വേണ്ടിയാണ് നാടിന്റെ ഓരോ മുക്കിലും മൂലയിലും രാപ്പകലില്ലാതെ ഇവർ അലയുന്നത്. കൊറോണ രോഗികളെ കണ്ടു പിടിക്കാൻ പായുന്നത് പൊലീസ്, കണ്ടെത്തിയവരെ നിരീക്ഷണത്തിലാക്കുന്നത് പൊലീസ്, നിരീക്ഷണത്തിലായവർക്ക് കാവൽ നില്ക്കുന്നത് പൊലീസ്, നിരീക്ഷണത്തിൽ നിന്നും ചാടി പോകുന്നവരെ പിടിക്കുന്നതും പൊലീസ്.
കൊറോണക്കാലത്ത് കുറ്റവാളികളെ പിടിക്കാനും ജനത്തെ നിയന്ത്രിക്കാനും ഒന്നര മീറ്റർ അകലം എന്നതും അസാദ്ധ്യം.ഇതെല്ലാം ചെയ്യുമ്പോഴും ഗ്ലൗസില്ല, മാസ്ക്കില്ല, കൈ കഴുകാൻ സോപ്പുമില്ല, സമയാ സമയങ്ങളിൽ കൈ കഴുകി കൊണ്ടിരുന്നാൽ പ്രതിയും കൊറോണ സംശയിക്കുന്നവരും ഓടി പമ്പ കടക്കും.
നിലവിൽ സംസ്ഥാനത്തെ ഏറ്റവും വെല്ലുവിളിയും അതീവ ദുർഘടം നിറഞ്ഞതുമായ ജോലി പൊലീസിന്റേതായി മാറി. ഒരർത്ഥത്തിൽ ദുരിത പൂർണമാണ് ഇവരുടെ ജീവിതം. കഴിഞ്ഞ ആറു ദിവസമായി ഊണില്ല, ഉറക്കമില്ല, കുടുംബാംഗങ്ങളെ കാണുന്നു പോലുമില്ല. ഈ പൊലീസില്ലായിരുന്നുവെങ്കിൽ കേരളം കൊറോണ കൊണ്ട് നിറയുമായിരുന്നു.
കാക്കിയുടെ കരുത്തിലാണ് കൊറോണയെ ഈ വിധമെങ്കിലും നിയന്ത്രിക്കാൻ കഴിയുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും വലിയ ചരിത്രം രചിക്കുകയാണിവർ. നിയന്ത്രണങ്ങൾ തെറ്റിച്ച് ജനക്കൂട്ടം നാടടച്ച് പാഞ്ഞപ്പോൾ കാക്കിയുടെ കരുത്തിലാണ് പിടിച്ചു നിന്നത്.
ഒരു ബിഗ് സല്യൂട്ടിന് അവർ എന്തുകൊണ്ടും അർഹരാണ്. ഇതിനിടയിൽ കൊറോണ മൂലം ദുരിതത്തിലായവർക്കും പൊലീസ് തുണയായി കളമശേരിയിൽ പഴ്സും പണവും നഷ്ടപ്പെട്ട ഫ്രഞ്ച് യുവതിയേയും, കൊച്ചി നഗരത്തിൽ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന അഷ്ടിക്ക് വകയില്ലാത്തവർക്കും, ഐസലേഷനിൽ കഴിയുന്ന ആരോരുമില്ലാത്തവർക്കും ഈ പൊലീസാണ് തുണയായത്. ലോക്ക് ഡൗണിൽ ഒറ്റപ്പെട്ടു പോയെന്ന് തോന്നുവർക്ക് ഇരുപത്തിനാലു മണിക്കൂർ സേവനവുമായി പൊലീസ് രംഗത്തുണ്ട്. പൊലീസിന്റെ ഒഫീഷ്യൽ ഫെയ്സ് ബുക്ക് പേജിന്റെ മെസഞ്ചറിൽ കൊറോണയുമായി ബന്ധപ്പെട്ട എന്തു സംശയവും ദൂരീകരിക്കാം. കൊറോണയെ ചിരിച്ചു കൊണ്ടു നേരിടാൻ ട്രോളുകളിലും, നൃത്തച്ചുവടുകളുമായും പൊലീസ് സജീവമാണ് ഇക്കാലത്ത്. കൊറോണ ആശങ്ക അകറ്റാൻ 'സുരക്ഷ' ആപ്പുമായി കൊച്ചി സിറ്റി പൊലീസുമുണ്ട് പ്രതിരോധത്തിന്.