app

കൊച്ചി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് നാടും നഗരവും നിശ്ചലമായതോടെ ഓൺലൈനിൽ ഭക്ഷ്യ വസ്തുക്കൾ തെരയുകയാണ് കൊച്ചി നഗരവാസികൾ. കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ സ്ഥാപനങ്ങൾ മുതൽ മാളുകൾ വരെ നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞ ചെലവിൽ വീട്ടുപടിക്കൽ എത്തിച്ചു നൽകാൻ തുടങ്ങിയതോടെ ഓൺലൈൻ ബുക്കിംഗുകൾ തകൃതിയാണ്.

പച്ചക്കറികൾ വീടുകളിൽ എത്തിക്കാൻ ഹോർട്ടി കോർപ്പ് കഴിഞ്ഞ ദിവസം ആരംഭിച്ച ഓൺലൈൻ സംരംഭത്തിലേക്ക് പ്രതിദിനം ആവശ്യക്കാർ വർദ്ധിക്കുകയാണ്. രാവിലെ 6 മുതൽ എട്ടു വരെയാണ് വിതരണം. എ എം നീഡ്‌സ് എന്ന ആപ്പ് വഴി ആവശ്യക്കാർക്കു മുൻകൂട്ടി ബുക്ക്ചെയ്യാം. ബ്രഡ്, ദോശ മാവ്, ചപ്പാത്തി, മുട്ട, പഴവർഗങ്ങൾ എന്നിവയും ബുക്ക് ചെയ്യാം. നിലവിൽ ബുക്കിംഗുകൾ വർദ്ധിച്ചതോടെ വിതരണം മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് ഹോർട്ടികോർപ്പ്

അരിയും പലചരക്കും ഇന്നുമുതൽ ഓൺലൈൻ

സപ്ലൈകോ വഴി കൊച്ചി നഗരത്തിൽ അവശ്യ സാധനങ്ങൾ ഇന്ന് മുതൽ വീട്ടു പടിക്കൽ എത്തിക്കും. സൊമോറ്റോയുമായിട്ടാണ് ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള കരാർ ഒപ്പിട്ടിരിക്കുന്നത്. പ്രാരംഭ നടപടി എന്ന നിലയിലാണ് സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടു കിലോമീറ്റർ പരിധിയിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കുക. തുടർന്ന് സംസ്ഥാനത്ത് 17 ഇടങ്ങളിൽ ഓൺലൈൻ സംവിധാനം ആരംഭിക്കും. ഓൺലൈൻ വഴി ഓർഡർ ചെയ്താൽ 40,50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കൾ വീടുകളിൽ ലഭിക്കും.

ഭക്ഷ്യക്കിറ്റുകൾ ഓൺലൈൻ ആക്കി ഷോപ്പിംഗ് സെന്ററുകൾ

നഗരത്തിലെ ഷോപ്പിംഗ് സെന്ററുകൾ പലതും ആവശ്യക്കാർക്ക് ഓൺലൈൻ ആയി സാധനങ്ങൾ വാങ്ങാൻ തങ്ങളുടെ വെബ്സൈറ്റ് വഴി സൗകര്യം ഒരുക്കിയിട്ടുണ്ട്. വീടുകളിൽ ഡെലിവറി ചെയ്തു നൽകുകയാണ്

എല്ലാം ഇ പേയ്മെന്റ് മാത്രം

ഓൺലൈനായി ഭക്ഷ്യ വസ്തുക്കൾ ഓർഡർ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്. പേയ്‌മെന്റുകൾ ഓൺലൈൻ ആയി മാത്രമാണ് സ്വീകരിക്കുന്നത്. മുൻകൂട്ടി ഓർഡർ ചെയ്ത് പൈസ അടയ്ക്കണം. കൊറോണ മുൻകരുതലിന്റെ ഭാഗമായി നോട്ട് കൈമാറ്റം ഒഴിവാക്കാനാണിത്.