ആലുവ: മണപ്പുറത്തും പരിസരത്തും അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർക്ക് നഗരസഭ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലും മുനിസിപ്പൽ ടൗൺ ഹാളിലുമായി താത്കാലിക കിടപ്പാടമൊരുക്കിയപ്പോൾ ഭക്ഷണ ചുമതലയേറ്റെടുത്ത് ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും രംഗത്ത്.
സ്‌കൂൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 90 ഓളം പേർക്ക് സ്കൂളിലും ടൗൺഹാളിൽ 60 പേർക്കുമാണ് താമസ സൗകര്യമൊരുക്കിയിട്ടുള്ളത്. നേരത്തെ ഗേൾസ് സ്കൂളിൽ താമസ സൗകര്യമൊരുക്കാൻ നഗരസഭ തീരുമാനിച്ചെങ്കിലും പരീക്ഷാ പേപ്പർ സൂക്ഷിച്ചിരിക്കുന്നതിനാൽ പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പകരം മണപ്പുറത്ത് ശിവരാത്രിയോടനുബന്ധിച്ച് നിർമ്മിച്ച സ്റ്റാൾ ഏർപ്പാടാക്കാൻ നഗരസഭ തീരുമാനിച്ചെങ്കിലും അതും മുടങ്ങിയതോടെ വ്യാഴാഴ്ച വൈകിട്ടോടെ വീണ്ടും ഗേൾസ് സ്‌കൂളിലേക്ക് ഇവരെ മാറ്റിയത്. എടത്തല പേങ്ങാട്ടുശേരി, നാലാംമൈൽ, എം.ഇ.എസ് ഭാഗത്തുള്ള സന്നദ്ധ പ്രവർത്തകരാണ് ഇന്നലെ മുനിസിപ്പൽ ടൗൺ ഹാളിലെ താമസക്കാർക്ക് ഭക്ഷണമെത്തിച്ചത്.
ഗേൾസ് സ്കൂളിലെ ക്യാമ്പ് അവസാനിക്കുന്നതുവരെ ഉച്ചഭക്ഷണത്തിന്റെ ചുമതല ഡി.വൈ.എഫ്.ഐ ബ്ളോക്ക് കമ്മിറ്റിയാണ് ഏറ്റെടുത്തിട്ടുള്ളത്. വൈകിട്ടത്തെ ഭക്ഷണമാണ് യൂത്ത് കോൺഗ്രസിന്റെ വക. നഗരത്തിലെ ചില റസിഡന്റ്‌സ് അസോസിയേഷനുകളും മറ്റ് സന്നദ്ധ സംഘടനകളുമെല്ലാം ഭക്ഷണപ്പൊതി വാഗ്ദാനം ചെയ്തിട്ടുണ്ട്. മറ്റ് സമയങ്ങളിൽ ഭക്ഷണം എത്തിക്കുന്നതിന് സ്‌പോൺസർമാർ ഇല്ലാത്ത ഘട്ടമെത്തിയാൽ യൂത്ത് കോൺഗ്രസ് ചുമതല ഏറ്റെടുക്കാമെന്ന് നഗരസഭ അധികൃതരെ അറിയിച്ചതായി നിയോജക മണ്ഡലം പ്രസിഡന്റ് ഹസിം ഖാലിദ് അറിയിച്ചു.
ഗേൾസ് സ്‌കൂളിൽ ആരംഭിച്ച ക്യാമ്പിലേക്ക് ഉച്ചഭക്ഷണം നൽകുന്ന പദ്ധതി ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രഡിഡന്റ് കെ.എ. അഫ്‌സൽ നഗരസഭാ ചെയർപേഴ്‌സൺ ലിസി എബ്രഹാമിന് പൊതിച്ചോറ് കൈമാറി ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർമാരായ രാജീവ് സക്കറിയ, ശ്യാം പത്മനാഭൻ, ടിമ്മി ബേബി, എം.ടി. ജേക്കബ്, ഷൈജി രാമചന്ദ്രൻ, പി.എം. മൂസാക്കുട്ടി, മിനി ബൈജു എന്നിവരും സംബന്ധിച്ചു.