ആലുവ: അതിഥി തൊഴിലാളികൾക്കും തെരുവോരങ്ങളിൽ കഴിയുന്നവർക്കും ഭക്ഷണമെത്തിക്കാൻ കേരള പൊലിസ് അസോസിയേഷനും ഓഫീസേഴ്‌സ് അസോസിയേഷനും മുന്നിട്ടിറങ്ങിയപ്പോൾ നിരവധിപേർക്ക് ആശ്വാസമായി. പൊലീസുദ്യോഗസ്ഥരിൽ നിന്ന് സമാഹരിച്ച തുകകൊണ്ടാണ് ഭക്ഷണം ഒരുക്കിയത്.
ആലുവ മാർവാർ ജംഗ്ഷന് സമീപം താമസിക്കുന്ന അതിഥി തൊഴിലാളികൾക്കും തെരുവോരങ്ങളിൽ താമസിക്കുന്നവർക്കുമാണ് ഭക്ഷണം നൽകിയത്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് വിതരണം നിർവഹിച്ചു. കെ.പി.എ ജില്ലാ പ്രസിഡന്റ് എം.എം. അജിത്കുമാർ, സെക്രട്ടറി എം.വി. സനിൽ, അബ്ദുൾ സലാം, ടി.ടി. ജയകുമാർ, ടി. ജയശങ്കർ, കെ.എം. ഷമീർ, സൂരജ്, ടി.പി.രാജു എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് അസോസിയേഷൻ സാനിറ്റെസർ, മാസ്‌ക്, ഭക്ഷണം, കുടിവെള്ളം മുതലായവ വിതരണം ചെയ്തിരുന്നു.