mvpa
മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിലുള്ള കമ്യൂണിറ്റി കിച്ചണിൽ നിന്നും വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഉഷ ശശിധരൻ നിർവഹിക്കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിൽ കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങി. നഗരസഭ അതിർത്തിയിൽ വീടുകളിൽ ഭക്ഷണം പാചകം ചെയ്യാനാകാതെ ബുദ്ധിമുട്ട് അനുഭവിയ്ക്കുന്നവർക്കും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അന്തിയുറങ്ങുന്നവർക്കും അലഞ്ഞു തിരിയുന്നവർക്കുമായി ഭക്ഷണം നൽകുന്നതിനാണ് കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങിയത്. നഗരസഭയുടെ കാൻ്റീൻ ഇതിനായി പ്രവർത്തിക്കും. ഇതര സംസ്ഥാന തൊഴിലാളികൾ കമ്യൂണിറ്റി കിച്ചണിലെത്തുന്നുണ്ട്. ഇവർക്ക് താമസസ്ഥലത്ത് ഭക്ഷണത്തിന് സൗകര്യമുണ്ടോ എന്ന് അന്വേഷിച്ച ശേഷമാണ് കമ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം നൽകുന്നതിന് തീരുമാനിക്കുകയുള്ളൂ. കൂടാതെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ കിടപ്പ് രോഗികൾക്കും കൂട്ടിരിപ്പ്കാർക്കും ഭക്ഷണം നൽകുവാൻ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ കമ്മ്യൂണിറ്റി കിച്ചണ് തുടക്കമായി. ഇതിനായി സന്നദ്ധ സംഘടനകളുടെ സേവനം ലഭ്യമാക്കുന്നുണ്ട് . കമ്യൂണിറ്റി കിച്ചണിലെ ഭക്ഷണപ്പൊതിയുടെ വിതരണത്തിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ഉഷ ശശിധരൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ സഹീർ, കൗൺസിലർമാരായ കെ.ബി ബിനീഷ് കുമാർ, കെ.ജെ സേവ്യർ പി പ്രേംചന്ദ് ,സെക്രട്ടറി എൻ.പി കൃഷ്ണരാജ്, ഹെൽത്ത് ഇൻസ്പെക്ടർ കെ.വി വിൻസെൻ്റ് തുടങ്ങിയവർ പങ്കെടുത്തു.