ആലുവ: നിത്യേന നൂറുകണക്കിന് ആളുകൾ വന്നുപോകുന്ന ആലുവ സബ് ട്രഷറിയിലെ ജീവനക്കാരെ ആരോഗ്യവകുപ്പ് അവഗണിക്കുന്നതായി പരാതി. കൊറോണ വ്യാപന സാദ്ധ്യതയുണ്ടായിട്ടും ട്രഷറി ജീവനക്കാരെ ആരോഗ്യവകുപ്പ് തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആക്ഷേപം.

മതിയായ പ്രതിരോധ മാർഗങ്ങളില്ലാതെയും ആവശ്യത്തിന് ജീവനക്കാരില്ലാതെയും നിലവിലുള്ള ജീവനക്കാർ വിഷമിക്കുകയാണ്. വിവിധ വകുപ്പുകളിൽ നിന്ന് ദിവസവും ഉദ്യോഗസ്ഥന്മാരും ജീവനക്കാരും ഇടപാടുകൾക്കായി ട്രഷറിയിലെത്തുന്നുണ്ട്. പെൻഷൻ തുടങ്ങിയ ആവശ്യങ്ങൾക്കായി പ്രായമായ ആളുകളും വരുന്നു. സാമൂഹിക അകലം പാലിക്കണമെന്ന് ഇവരെ നിർബന്ധിക്കാനോ നിയന്ത്രിക്കാനോ കഴിയുന്നില്ല. യാത്രാസൗകര്യം ഇല്ലാത്തതിനാൽ ചുരുക്കം ജീവനക്കാരാണ് ജോലിക്കെത്തുന്നത്. വിവിധ ആവശ്യങ്ങളുമായി വരുന്നവർ നിരവധി പേപ്പറുകളുമായും കത്തുകളുമായാണ് എത്തുന്നത്. ഇവ മേടിച്ചുവയ്ക്കുന്നതും ആവശ്യമെങ്കിൽ പ്രായമേറിയവർക്ക് അപേക്ഷകൾ തയ്യാറാക്കുന്നതും ഇതേ ജീവനക്കാരാണ്.

ബാങ്കുകളിൽ നോട്ടിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ട്രഷറിയിൽ ജീവനക്കാർക്ക് നോട്ടുകൾ കൈകാര്യം ചെയ്യാതിരിക്കാനാകുന്നില്ല. യാതൊരു മുൻകരുതലുകളുമില്ലാതെയാണ് ഇവയെല്ലാം ജീവനക്കാർ ചെയ്യുന്നത്.

ഇടപാടുകാർ നൽകിയ സാനിറ്റൈസറാണ് കൊറോണക്കെതിരെയുള്ള ജീവനക്കാരുടെ ഏക പ്രതിരോധം.

ഏപ്രിൽ ഒന്ന് മുതൽ ട്രഷറിയുടെ പ്രവർത്തനസമയം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. സാമ്പത്തിക വർഷാരംഭം ആയതിനാൽ വിവിധ ക്ഷേമപെൻഷനുകൾ വാങ്ങാൻ നിയന്ത്രണാതീതമായ തിരക്കും ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നതും ജീവനക്കാരെ ആശങ്കയിലാക്കുന്നു.