നെടുമ്പാശേരി: ലോക്ക് ഡൗണിൽ കൊയ്ത്തുനടത്താൻ സാധിക്കാതെ ആശങ്കയിലായ കർഷകർക്ക് ആശ്വാസമായി എം.എൽ.എ. പാറക്കടവ് പൂവത്തുശേരി പ്രദേശത്ത് മുന്നൂറോളം ഏക്കർ പാടശേഖരം കൊയ്ത്തിനു പാകമായപ്പോൾ കൊയ്ത്ത് യന്ത്രവും പണിക്കാരെയും ലഭിക്കാതെ നെല്ല് മുഴുവൻ നശിച്ചു പോകുമെന്ന് ആശങ്കയിലായ കർഷകർക്കാണ് റോജി എം.ജോൺ എം.എൽ.എ ഇടപെട്ട് കൊയ്ത്തുയന്ത്രം ഏർപ്പാടാക്കി പരിഹാരമുണ്ടാക്കിയത്.
സാധാരണ നിലയിൽ കൊയ്ത്തിനുവരുന്ന യന്ത്രം പ്രവർത്തിപ്പിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള ജോലിക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുമ്പേ സ്വന്തം നാട്ടിലേയ്ക്ക് പോയതിനാൽ കൊയ്യാൻ ആളില്ലാതെ കർഷകർ വലയുകയായിരുന്നു. കഴിഞ്ഞ ദിവസം ചെറിയ തോതിൽ മഴയും പെയ്തതോടെ നെല്ല് മുഴുവൻ താഴെ വീഴുകയും അടിയന്തരമായി കൊയ്ത്ത് നടത്തിയില്ലെങ്കിൽ പൂർണമായും നശിച്ചുപോകുമെന്ന അവസ്ഥയിലുമായി. തുടർന്നാണ് എം.എൽ.എ അഗ്രോ സർവീസ് സെന്ററിന്റെ കൈവശമുള്ള കൊയ്ത്തുയന്ത്രം ലഭ്യമാക്കിയത്. അദ്ധ്വാനത്തിന്റെ ഫലം നശിക്കാതെ കൊയ്ത്തു നടത്താൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് കർഷകർ.