കൊച്ചി: അതിഥി തൊഴിലാളികളെന്ന് പേരേയുള്ളൂ. ഇവർക്ക് കൂടി ഭക്ഷണം നൽകാൻ സർക്കാർ അടിയന്തരമായി നടപടിയെടുത്തില്ലെങ്കിൽ പട്ടിണി മരണത്തിനു നാം സാക്ഷികളാവും. അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം ഉറപ്പാക്കാൻ ജില്ലാ ലേബർ ഒാഫീസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടത്തിന് ദുരന്തനിവാരണ നിധിയിൽ നിന്ന് ഫണ്ട് കണ്ടെത്താമെന്നും മാർച്ച് 25 ന് മുഖ്യമന്ത്രി വാർത്താ സമ്മേളനം നടത്തി പറഞ്ഞിരുന്നു. എന്നാൽ ലേബർ ഒാഫീസർമാർ ഇക്കാര്യം തദ്ദേശ ഭരണ സ്ഥാപനങ്ങൾ ചെയ്യാൻ നിർദ്ദേശിക്കുകയാണ് ചെയ്തത്. ഇതോടെ ലക്ഷക്കണക്കിന് വരുന്ന ഭായിമാരുടെ ഭക്ഷണത്തിന്റെ ചുമതല തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പിടലിക്കായി.
തദ്ദേശ സ്ഥാപനങ്ങൾ ചെയ്തത്
അന്യസംസ്ഥാനക്കാരുടെ ഭക്ഷണത്തിന്റെ ചുമതല ഇവർ ജോലി ചെയ്യുന്ന കമ്പനികളുടെ ഉടമയ്ക്കും ഇവരെ കേരളത്തിലേക്ക് കൊണ്ടു വന്ന കരാറുകാർക്കും ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടുകളുടെ ഉടമകൾക്കും ആണെന്ന നിലപാടാണ് തദ്ദേശ ഭരണ സ്ഥാപനങ്ങൾ സ്വീകരിക്കുന്നത്. അന്യ സംസ്ഥാന തൊഴിലാളിയുടെ ഭക്ഷണവും താമസവും ഉറപ്പാക്കാൻ ഇക്കൂട്ടർക്ക് നോട്ടീസ് നൽകിയെന്ന് എടത്തല പഞ്ചായത്ത് പ്രസിഡന്റ് സജിത അബ്ബാസും ചൂർണ്ണിക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരിസും കേരള കൗമുദിയോടു പറഞ്ഞു.
ഇവർ എണ്ണത്തിൽ കൂടുതലാണ്. ഇവർക്കു കൂടി കമ്മ്യൂണിറ്റി കിച്ചണിൽ നിന്ന് ഭക്ഷണം നൽകാൻ പഞ്ചായത്തിന് പരിമിതിയുണ്ട്. എന്നാലും ഇവർക്ക് വീട്ടിൽ ഭക്ഷണം പാകം ചെയ്യാനായി പലവ്യഞ്ജനവും അരിയും അടങ്ങുന്ന കിറ്റ് നൽകാൻ ശ്രമിക്കുന്നുണ്ട്. 100 കിറ്റുകൾ ചോദിച്ചെങ്കിലും 50 കിറ്റുകൾ നൽകാമെന്നാണ് സപ്ളൈ കോ അറിയിച്ചത് - സജിത അബ്ബാസ് പറയുന്നു.
അന്യസംസ്ഥാനക്കാരുടെ കണക്കെടുക്കാൻ വാർഡ് മെമ്പർമാരോടു പറഞ്ഞിട്ടുണ്ട്. ഒരു വാർഡിൽ നിന്ന് 90 പേരുടെ ലിസ്റ്റ് കിട്ടി. ആകെ പഞ്ചായത്തിലെ കണക്ക് എടുക്കുമ്പോൾ ഇവരുടെ എണ്ണം വളരെക്കൂടും. കമ്മ്യൂണിറ്റി കിച്ചൺ ഇന്നു തുടങ്ങിയിട്ടേയുള്ളൂ. ഇവർക്ക് ഭക്ഷണം നൽകുന്ന കാര്യം ലിസ്റ്റ് അനുസരിച്ച് നോക്കേണ്ടി വരും - കെ.എ. ഹാരിസ് പറഞ്ഞു.
വീട്ടുടമയുടെ ചുമലിലേക്ക്
അന്യ സംസ്ഥാന തൊഴിലാളികൾക്ക് വീടു വാടകയ്ക്ക് നൽകിയതിന്റെ പേരിൽ ഇവരുടെ ഭക്ഷണത്തിന്റെ ചുമതല വീട്ടുടമകൾ വഹിക്കണമെന്ന നിലപാടാണ് തദ്ദേശ സ്ഥാപനങ്ങൾക്കുള്ളത്. ഒരു വീട്ടിൽ തന്നെ 15 പേരെ വരെ കുത്തി നിറച്ച് താമസിപ്പിക്കുന്നുണ്ട്. അതിനാൽ ഇവരുടെ ഭക്ഷണത്തിന്റെ ചുമതല കൂടി വീട്ടുടമ വഹിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങൾ വിലയിരുത്തുന്നത്. ഇത്തരമൊരു തീരുമാനം വന്നതോടെ പല വീട്ടുടമകളും അന്യ സംസ്ഥാന തൊഴിലാളികളെയും വാടക വീട്ടിൽ നിന്ന് പുറത്താക്കി. വെള്ളവും കറന്റും വിച്ഛേദിച്ച സംഭവങ്ങൾ വരെ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
പെരുമ്പാവൂരിൽ സ്ഥിതി മറ്റൊന്ന്
പെരുമ്പാവൂരിൽ തൊഴിൽ വകുപ്പും നഗരസഭയും ചേർന്ന് അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം നൽകുന്നതിന് ചില ഹോട്ടലുകളുടെ സഹകരണത്തോടെ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഇക്കൂട്ടരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന മാനവ ഫൗണ്ടേഷൻ കോ ഒാർഡിനേറ്റർ മുജീബ് പറഞ്ഞു. കരാറുകാരും കമ്പനിയുടമകളും ഭായിമാരുടെ ഭക്ഷണം ഉറപ്പാക്കണമെന്നു പറയുമ്പോൾ ഒരു കമ്പനിയിലും ജോലിക്കു പോകാതെ കവലകളിൽ രാവിലെ കാത്തു നിന്ന് തൊഴിൽ തേടിപ്പിടിക്കുന്ന വലിയൊരു വിഭാഗം അന്യ സംസ്ഥാനക്കാരും ഇവിടെയുണ്ട്. ഇക്കൂട്ടരെന്തു ചെയ്യുമെന്ന് ആർക്കും പറയാനും കഴിയുന്നില്ല.