കോലഞ്ചേരി: ലോക്ക് ഡൗൺ പൂർണരൂപത്തിൽ നടപ്പാക്കാൻ പൊലീസ് തുനിഞ്ഞിറങ്ങിയതോടെ അനാവശ്യമായി റോഡിൽ കറങ്ങുന്നവരുടെ എണ്ണം കുറഞ്ഞു. എന്നാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ നില നിൽക്കെ ചിക്കൻ വാങ്ങാൻ ഇന്നലെ വൈകിട്ട് കോലഞ്ചേരിയിൽ നിന്നും പുതുപ്പനത്ത് ഫോർച്ച്യൂൺ ആഡംബര കാറുമായെത്തിയ രണ്ടു യുവാക്കളെ അറസ്റ്റു ചെയ്ത് വാഹനം കസ്റ്റഡിയിലെടുത്തു.
റോഡിലിറങ്ങിയ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. ഉടമകൾക്കെതിരേ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. രണ്ടിൽ കൂടുതൽ തവണ നിയമം ലംഘിച്ച വാഹനങ്ങളുടെ രജിസ്‌ട്രേഷൻ റദ്ദാക്കാൻ മോട്ടോർവാഹന വകുപ്പുമായി ചേർന്ന് നടപടികളും ആരംഭിച്ചിട്ടുണ്ട്. ഇന്നലെയും നിരത്തിൽ വാഹനങ്ങളിറങ്ങി.എന്നാൽ, മതിയായ കാരണങ്ങളില്ലാതെ ഒരു വാഹനവും കടത്തിവിട്ടില്ല. തർക്കിച്ചവരുടെ വാഹനങ്ങൾ സ്റ്റേഷനിലേക്കു മാറ്റി. പുത്തൻകുരിശിൽ രണ്ടു ബൈക്ക് യാത്രികർക്കെതിരെ കേസെടുത്തു. കുന്നത്തുനാട്ടിൽ നാല് ബൈക്ക് യാത്രികർക്കും, മൊബൈൽ ഷോപ്പ് തുറന്നതിനും, കർഫ്യൂ കാഴ്ച കാണാനിറങ്ങിയ രണ്ടു പേർക്കെതിരെയും കേസെടുത്തു. പട്ടിമറ്റം മാവേലി സ്റ്റോറിൽ ക്യൂവിൽ അടുത്ത് നിൽക്കുന്നത് ഒഴിവാക്കാൻ ഒരു മീറ്റർ ദൂരത്തിൽ നിന്നു വാങ്ങാനുള്ള സൗകര്യം പൊലീസ് മാർക്കു ചെയ്തു നൽകി.