bridge
അപകടാവസ്ഥയിലായ തുരുത്ത് റെയിൽവെ നടപ്പാലം

ആലുവ: നിത്യേന നൂറുകണക്കിനാളുകൾ സഞ്ചരിക്കുന്ന തുരുത്ത് റെയിൽവേ നടപ്പാലം സഞ്ചാരയോഗ്യമല്ലാതായി. ഗ്രാമത്തെ ആലുവ നഗരവുമായി ബന്ധിപ്പിക്കുന്നതാണ് ഈ നടപ്പാലം. നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട തുരുത്ത് ദ്വീപുകാർക്ക് നാല്തത് വർഷം മുമ്പ് നഗരവുമായി ബന്ധപ്പെടാൻ നിർമ്മിച്ച ഏക മാർഗമായിരുന്നു ഈ നടപ്പാലം.

# അറ്റകുറ്റപ്പണി നടത്താത്തത് പാരയായി

ട്രെയിൻ തടയൽ സമരത്തിലൂടെ 1980ൽ നേടിയെടുത്തതാണ് നടപ്പാലം. മൂന്നു പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ നടപ്പാലത്തിൽ അറ്റകുറ്റപ്പണിയില്ലാത്തതിനാൽ സഞ്ചാരം ദുഷ്‌കരമായി. ഇപ്പോൾ കൂടുതൽ അപകടകരവുമായി. നടപ്പാലം പുനരുദ്ധാരണത്തിന് റെയിൽവെ ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. ഇരുമ്പ് കമ്പികളിൽ മൂന്നടി വീതിയിൽ ഇരുനൂറോളം കോൺക്രീറ്റ് സ്ലാബുകളിട്ടാണ് നടപ്പാലം പണിതിട്ടുള്ളത്. തുരുമ്പെടുത്ത കൈവരികളും ഇളകിയാടുന്നതും, പൊട്ടിപ്പൊളിഞ്ഞതുമായ കോൺക്രീറ്റ് സ്ലാബുകളും ഇവയെ താങ്ങി നിർത്തുന്ന ശോച്യാവസ്ഥയിലായ ഇരുമ്പ് ആംഗ്ലയറുകളും ഏതു സമയത്തും അപകടം ക്ഷണിച്ചുവരുത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

സ്ലാബുകൾ പൊട്ടിയിടത്ത് മരപ്പലകകൾ കയറ്റിവച്ചാണ് നാട്ടുകാർ നടക്കുന്നത്. 50 അടി താഴെ പെരിയാർ പുഴയും. സന്ധ്യ കഴിഞ്ഞാൽ കൂരിരുട്ടിലായ ഇവിടെ സൂക്ഷിച്ച് നടന്നില്ലങ്കിൽ കാൽ സ്ലാബുകൾക്കിടയിലെ വിടവിലൂടെ താഴേക്കിരിക്കും. ചെറിയ ക്ലാസുകളിലെ വിദ്യാർത്ഥികളെ പാലം കടത്താനായി രക്ഷിതാക്കൾ ഒപ്പമെത്തണം.

# നിവേദനം നൽകി

എണ്ണൂറോളം കുടുംബങ്ങൾ താമസിക്കുന്ന തുരുത്ത് ഗ്രാമത്തിലെ നൂറു കണക്കിനാളുകളാണ് ദിവസേന നടപ്പാലത്തിലൂടെ സഞ്ചരിക്കുന്നത്. നടപ്പാലത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും പുനരുദ്ധാരണത്തിനും അടിയന്തര നടപടികളെടുക്കണമെന്ന് ആവശ്യപ്പെട്ട് തുരുത്ത് സമന്വയ ഗ്രാമവേദി കേന്ദ്ര റെയിൽsg മന്ത്രി പീയുഷ് ഗോയൽ, ബെന്നി ബെഹന്നാൻ എം.പി. എന്നിവർക്ക് നിവേദനം നൽകി.