തോപ്പുംപടി: കൊറോണ ഭീതിയുടെ നിഴലിൽ സംസ്ഥാനത്തെ ഹാർബറുകൾക്ക് താഴ് വീണതോടെ മീൻകണി കാണാൻ കഴിയാത്ത സ്ഥിതി. അവസരം മുതലെടുത്ത് പരമ്പരാഗത മത്സ്യതൊഴിലാളികൾ വില കുത്തനെ കൂട്ടി. ചെമ്മീൻ കിലോക്ക് 500,കരിമീൻ 700 . പൊടിമീൻ 150 രൂപയിൽ കുറച്ച് നൽകുന്നില്ല.എല്ലാത്തരം മീനും ചേർന്നതാണ് പൊടിമീൻ. കായൽ തിരണ്ടി കാൽ കിലോ 200 രൂപ. പരമ്പരാഗത തൊഴിലാളികൾക്ക് ലഭിക്കുന്ന മീനുകൾ കൊച്ചിയിലെ മാർക്കറ്റുകളിൽ ലേലം ചെയ്ത് നൽകാറാണ് പതിവ്.പുലർച്ചെ കൊണ്ടുവരുന്ന മീൻ പത്ത് മണിയോടെ തീരും.
മാർക്കറ്റുകളിൽ ജനം പെരുകിയതോടെ പൊലീസ് സ്ഥലത്തെത്തി. തിരക്ക് നിയന്ത്രിക്കാൻ പത്ത് പേരെ വീതമാണ് മാർക്കറ്റിലേക്ക് പൊലീസ് സഹായത്തോടെ കടത്തിവിടുന്നത്.ഇവർ ഇറങ്ങിയതിന് ശേഷം മാത്രമേേ അടുത്ത പത്ത് പേരെ കടത്തിവിടുകയുള്ളൂ.
കുമ്പളങ്ങി ഇല്ലിക്കൽ മാർക്കറ്റിൽ രാവിലെ തിരക്ക് കുറവായിരുന്നു. മീൻ ലഭിക്കുന്നതിന് സൗദി-മാനാശേരി, കോണം കായൽ തീരം, പെരുമ്പടപ്പ് പാലം, ഫോർട്ടുകൊച്ചി ബീച്ച് പരിസരത്തെ ചീനവലകൾ തുടങ്ങിയിടങ്ങളിൽ ജനം പുലർച്ചെ എത്തുന്നു.