കൊച്ചി: കലൂരിലെ പി.വി.എസ് ആശുപത്രി ജില്ലാ ഭരണകൂടം ഏറ്റെടുത്തതോടെ സഹായ പ്രവാഹവുമായി നാട്ടുകാർ. കൊറോണ ചികിത്സാ സെന്റർ ആണിത് പി.വി.എസ്.

'കുറച്ചുകാലമായി പ്രവർത്തിക്കാതെ കിടന്ന ആശുപത്രിയിൽ ഉടനെ ഇതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കും. എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു'

വ്യാഴാഴ്ച എറണാകുളം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത് വാക്കുകളാണിത്.

അപ്‌ലോഡ് ചെയ്ത നിമിഷം മുതൽ അഭിനന്ദന പ്രവാഹങ്ങളാണ് പോസ്റ്റിനു താഴെ കമന്റുകളായി എത്തുന്നത്. കമന്റ് ചെയ്തവർ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു, ഇത് നല്ല തീരുമാനം.നാട്ടുകാർക്കും ജോലി നഷ്ടപ്പെട്ടവർക്കും എല്ലാം ഈ വാർത്ത പ്രതീക്ഷയാവുകയാണ്.

പി.വി.എസ് പോലെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തനരഹിതമായി കിടക്കുന്ന ആശുപത്രികളും ഹോസ്റ്റലുകളും കല്യാണ മണ്ഡപങ്ങളും മറ്റ് കെട്ടിടങ്ങളും ഇതുപോലെ നല്ല കാര്യങ്ങൾക്കായി പ്രവർത്തനസജ്ജമാക്കണമെന്ന അഭിപ്രായവും പലരും പങ്കുവെക്കുന്നുണ്ട്.

ഇത് എന്റെ ഫോൺ നമ്പർ ആണ്, എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിച്ചോളൂ എന്ന് മറ്റു ചിലർ. ഡ്രൈവർമാർ, ഇലക്ട്രീഷ്യൻ, സ്‌പ്രേ പെയിന്റർ, ഫാർമസിസ്റ്റ്, കോൺട്രാക്ടർമാർ, നഴ്‌സുമാർ ഇത്തരത്തിൽ നീളുന്നു സഹായവുമായി എത്തിയവരുടെ നിര.

ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നിർദേശപ്രകാരം ഇൻസിഡന്റ് കമാണ്ടറായ സബ് കളക്ടർ സ്‌നേഹിൽകുമാർ സിംഗാണ് ആശുപത്രി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഉത്തരവിട്ടത്. കണയന്നൂർ തഹസിൽദാർ ബീന പി ആനന്ദിനാണ് ചുമതല. എൽ.ആർ. തഹസിൽദാർ മുഹമ്മദ് സാബിർ, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എം.ഹനീഷ് എന്നിവർ പ്രവർത്തനം ഏകോപിപ്പിക്കും.

ലോജിസ്റ്റിക്‌സ് ചുമതല ആർ.ടി.ഒ (എൻഫോഴ്‌സ്‌മെന്റ്) ജി. അനന്തകൃഷ്ണൻ വഹിക്കും. മെയിന്റനൻസ് ക്‌ളീനിംഗ് ചുമതല കൊച്ചി കോർപ്പറേഷൻ സെക്രട്ടറി ആർ. അനുവും നിർവഹിക്കും. ആശുപത്രി ഇന്നലെ കളക്‌ടർ എസ്. സുഹാസ് സന്ദർശിച്ചു. ക്ളീനിംഗ് പുരോഗമിക്കുകയാണ്.