പറവൂർ : പറവൂർ പച്ചക്കറി ചന്ത കോറോണ നിയന്ത്രണത്തെ തുടർന്ന് നടന്നില്ല. പുലർച്ചെ കച്ചവടക്കാരും നാട്ടുകാരും മാർക്കറ്റിലെത്തിയെങ്കിലും പൊലീസ് തടഞ്ഞു. മാർക്കറ്റിന്റെ രണ്ട് ഭാഗത്തും പൊലീസ് ചന്തയിൽ എത്തുന്നവരെ തടഞ്ഞ് തിരിച്ചയച്ചു. ഏഴുമണിക്ക് പലചരക്ക് കടകൾ തുറന്നു പ്രവർത്തിച്ചു.
ചില്ലറ മത്സ്യവില്പന ഉണ്ടാകില്ല
പറവൂർ : പുഴകളിൽ നിന്ന് മത്സ്യങ്ങൾ പിടിക്കുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് രാവിലെ ഏഴിനുശേഷം തൊഴിലാളികളിൽ നിന്ന് മത്സ്യം തരകന്മാർ വാങ്ങി വില്പനക്കാർക്ക് നൽകും. ചന്തയിൽ ചില്ലറ വില്പന ഉണ്ടായിരിക്കില്ലെന്ന് പറവൂർ മത്സ്യമാർക്കറ്റ് തകരൻസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
വൈകിട്ട് റോഡുകൾ വിജനം
പറവൂർ : മെഡിക്കൽ ഷോപ്പുകൾ വൈകിട്ട് അഞ്ചുമണിക്ക് അടച്ചതോടെ പറവൂർ നഗരത്തിലെ റോഡുകൾ വിജനം. എതാനും വാഹനങ്ങൾ ഒഴിച്ച് റോഡ് ശൂന്യമാണ്. റോഡിൽ നിൽക്കുന്നവരെ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് തിരിച്ചയച്ചിരുന്നു. അഞ്ചു മണിക്കു ശേഷവും വാഹനത്തിൽ യാത്ര ചെയ്തിരുന്നവരിൽ അധികവും മെഡിക്കൽ ഷോപ്പിൽ പോകുന്നുവെന്നാണ് പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ ഇന്നലെ മുതൽ അതും നടക്കാതെയായി.