 തൊട്ടു പിന്നാലെ വിശദീകരണവുമായി മേയർ

കൊച്ചി: തദ്ദേശ ഭരണ സ്ഥാപനങ്ങൾ അടിയന്തരമായി കമ്യൂണിറ്റി കിച്ചൻ ആരംഭിക്കണമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിൽ കൊച്ചി കോർപ്പറേഷന്റെ അലംഭാവം അവസാനിപ്പിക്കണമെന്ന് ജില്ലാ കളക്ടർ എസ് സുഹാസ് കർശനമായി താക്കീത് നൽകി.

വ്യാഴാഴ്ച കളക്‌റ്ററേറ്റിൽ ചേർന്ന അവലോകന യോഗത്തിലും ഇതു സംബന്ധിച്ച് കർശന നിർദേശം കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകിയിരുന്നു.നഗരസഭാ പരിധിയിൽ സർക്കാർ നിർദേശപ്രകാരമുള്ള കമ്യൂണിറ്റി കിച്ചനുകൾ ഉടൻ ആരംഭിക്കണമെന്നും കളക്ടർ ആവശ്യപ്പെട്ടു.

 വിശദീകരിച്ച് മേയർ

സംഭവം വിവാദമായതോടെ ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എസ്. സുനിൽകുമാർ നഗരസഭ ആസ്ഥാനത്തെത്തി മേയറുമായി ചർച്ച നടത്തി. ഇതിനു ശേഷമാണ് മേയർ വിശദീകരണക്കുറിച്ച് ഇറക്കിയത്. നഗരസഭാ പരിധിയിൽ മട്ടാഞ്ചേരി ടൗൺഹാൾ, ഇടപ്പള്ളി മേഖലാ ഓഫീസ്, വൈറ്റില പൊന്നുരുന്നി ക്ഷേത്രത്തിന് സമീപത്തെ കമ്മ്യൂണിറ്റി ഹാൾ, പള്ളുരുത്തി കമ്മ്യൂണിറ്റി ഹാൾ, എറണാകുളം ടൗൺഹാൾ എന്നീ അഞ്ചു ഇടങ്ങളിലായി കമ്മ്യൂണിറ്റി കിച്ചൺ സെൻറർ ആരംഭിച്ചെന്ന് മേയർ സൗമിനി ജെയിൻ വ്യക്തമാക്കി. ദിവസം ഓരോ കേന്ദ്രത്തിലും ആയിരം പേർക്ക് വീതം ഭക്ഷണം ഒരുക്കുകയും അതിൽ കൂടുതൽ പേർക്ക് നൽകേണ്ട സാഹചര്യവുമാണ് നിലവിൽ. ഇതോടൊപ്പം നഗരസഭയുടെ ദൈനംദിന പ്രവർത്തനങ്ങളായ നഗര ശുചീകരണ പ്രവർത്തനങ്ങളും മികച്ച രീതിയിൽ നടത്തുന്നുണ്ട്.

കമ്മ്യൂണിറ്റി കിച്ചൺ സെന്ററുകളിൽ ഭക്ഷണത്തിന്റെ പാക്കിംഗ്, വിതരണം, ആളുകളുടെ ലിസ്റ്റ് തയ്യാറാക്കൽ എന്നീ പരിപാടികൾ കൗൺസിലർമാരുടേയും ഉദ്യോഗസ്ഥരുടേയും സംയുക്തമായുള്ള പരിശ്രമത്തിലൂടേയാണ് നടപ്പാക്കുന്നത് . ആഹാര സാധനങ്ങൾ തയ്യാറാക്കുന്നതിന് കുടുംബശ്രീ പ്രവർത്തകരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. സപ്ലൈകോ, കൺസ്യൂമർ ഫെഡ്, ഹോർട്ടികോർപ്പ് എന്നിവിടങ്ങളിൽ നിന്നും അവശ്യ സാധനങ്ങൾ ലഭ്യമാക്കുന്നതിന് നഗരസഭ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ കേരള മർച്ചന്റസ് ചേംബർ ഒഫ് കൊമേഴ്‌സ്, റോട്ടറി ക്ലബ്, പള്ളികൾ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് കമ്മ്യൂണിറ്റി കിച്ചൺ സെൻററുകൾ പ്രവർത്തിക്കുന്നത്.

തെരുവിൽ അന്തിയുറങ്ങുന്നവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും സഹായത്തിന് ആരും തന്നെ ഇല്ലാത്തവർക്കുമായി നഗരസഭാ പരിധിയിൽ എറണാകുളം മഹാരാജാസ് കോളേജ്, എറണാകുളം ഗവൺമെൻറ് ഗേൾസ് ഹൈസ്‌കൂൾ, എറണാകുളം എസ്.ആർ.വി ഹൈസ്‌കൂൾ എന്നിവിടങ്ങളിലായി സ്ഥലം ഒരുക്കി.