വൈപ്പിൻ : എടവനക്കാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ എച്ച്.ഐ.എച്ച്.എസ്. സ്‌കൂളിൽ സാമൂഹ്യ അടുക്കള തുടങ്ങി. പഞ്ചായത്ത് പ്രദേശത്ത് അർഹരായവർക്ക് ഈ അടുക്കളയിൽ പാചകം ചെയ്യുന്ന ഭക്ഷണം സന്നദ്ധപ്രവർത്തകർ വഴി വീടുകളിൽ എത്തിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.യു. ജീവൻമിത്ര അറിയിച്ചു.
ബാങ്ക് അംഗങ്ങളായ നിർദ്ധനർക്ക് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പള്ളിപ്പുറം സർവീസ് സഹകരണ ബാങ്ക് അയ്യായിരം രൂപയുടെ പലിശരഹിതവായ്പ നൽകും. വായ്പയ്ക്കുള്ള അപേക്ഷാഫോറം ഏപ്രിൽ 2 മുതൽ ബാങ്കിന്റെ എല്ലാ ശാഖകളിൽനിന്നും ലഭിക്കും. ജൂൺമുതൽ പത്തു തവണകളായി വായ്പ തിരിച്ചടക്കണം.
ഞാറക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ബാങ്കിലെ എസ്.എച്ച് ഗ്രൂപ്പുകൾ വഴി സൗജന്യ സാനിറ്റൈസർ വിതരണം തുടങ്ങി. വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് അഡ്വ. കെ.എസ്. കിഷോർകുമാർ നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ പ്രൈജു ഫ്രാൻസിസ്, ദിലീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.