പിറവം: കൊറോണ വൈറസ് വ്യാപനത്തിനെതിരെ ഏർപ്പെടുത്തിയ ലോക്ക് ഡൗൺ ലംഘിച്ച് കച്ചവടത്തിനുൾപ്പെടെയിറങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു. പിറവം പൊലീസ് പരിധിയിൽ പത്ത് പേർക്കെതിരെയും രാമമംഗലം പൊലീസ് പരിധിയിൽ നാല് പേർക്കെതിരെയുമാണ് കേസ്.
മണീട്ചീരക്കാട്ട് പടിയിൽ വച്ച് സോപ്പ് വിപണനത്തിനിറങ്ങിയ യുവാവിനെ പിറവം എസ്.ഐ.വി.ഡി റജി രാജിൻ്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടി. അർജൻ്റ് മെഡിസിൻ ബോർഡ് വച്ച വാഹനം തൃപ്പൂണിത്തുറയിൽ സാനിറ്റൈസർ എത്തിക്കാനിറങ്ങിയതാണെന്നാണ് ഉടമ പറഞ്ഞത്. സംശയം തോന്നി കാറിൻ്റെ ഡിക്കി പരിശോധിച്ചപ്പോഴാണ് സോപ്പ് കണ്ടെത്തിയത്. തുടർന്ന് യുവാവിനെതിരെ കേസെടുത്തു.വാഹനം പൊലീസ് കസ്റ്റഡിയിലായി. ലോക്ക് ഡൗൺ കാലാവധിി കഴിഞ്ഞേ തിരികെ നൽകുകയൊള്ളൂ.
മരിച്ചയാളുടെ സംസ്കാരത്തിന് പോവുകയാണെന്നായിരുന്നു പിറവത്ത് വച്ച് പിടികൂടിയ കാറിലുള്ളവർ പറഞ്ഞത്. എവിടെയാണെന്ന് ചോദിച്ചപ്പോൾ തുറന്നു പറഞ്ഞു. തങ്ങൾ ടൗൺ കാണാനിറങ്ങിയതാണെന്ന്.
മറ്റൊരാൾ കുടുങ്ങിയത് മരുന്നിൻ്റെ പഴയ കുറിപ്പടിയുടെ പേരിലാണ്. മരുന്നു വാങ്ങാനിറങ്ങിയവരുടെ കയ്യിലെ ചീട്ട് പരിശോധിച്ചപ്പോഴാണ് പഴയ കുറിപ്പടിയാണെന്ന് പൊലീസിന് മനസിലായത്.
നിസാര കാര്യങ്ങൾ പറഞ്ഞ് റോഡിലിറങ്ങിയവരെ പൊലീസ് പലയിടത്തും വിരട്ടിയോടിച്ചു.
രാമമംഗലത്തും പാമ്പാക്കുടയിലും ഈ രണ്ട് വാഹനങ്ങൾക്കെതിരെെ രാമമംഗലം പൊലീസ് കേസെടുത്തു.