കൊച്ചി: ഗവേഷണ വികസന മേഖലകളിൽ മികച്ച ശാസ്ത്രജ്ഞനും അക്കാഡമിക് രംഗത്തെ മികച്ച ഭരണാധികാരിയുമായിരുന്നു ഇന്നലെ നിര്യാതനായ ഡോ. എ. രാമചന്ദ്രൻ. മത്സ്യബന്ധന വ്യവസായരംഗങ്ങൾ നവീകരിക്കുന്നതിലും അന്താരാഷ്ട്രതലത്തിലെ മാറ്റങ്ങളും വളർച്ചയും രാജ്യത്തും പ്രാവർത്തികമാക്കുന്നതിലും തത്പരനായിരുന്നു അദ്ദേഹം.

രാജ്യത്തെ ആദ്യത്തെ ഫിഷറീസ്‌ സമുദ്രപഠന സർവകലാശാലയായ കുഫോസിനെ ആഗോള പ്രശസ്തിയിലേക്ക് ഉയർത്തിയതിൽ പ്രധാന പങ്ക് വഹിച്ചു. കുസാറ്റിൽ ഒൻപതുവർഷം രജിസ്ട്രാറായിരുന്നു. കുസാറ്റിലെ ഇൻഡസ്ട്രിയൽ ഫിഷറീസ് സ്‌കൂൾ ഡയറക്ടറായിക്കെയാണ് കുഫോസ് വൈസ് ചാൻസലറായി നിയമിതനായത്.

സമുദ്രശാസ്ത്രപഠനം, അണ്ടർവാട്ടർ ടെക്‌നോളജി, ഫിഷറീസ് എൺവയോൺമെന്റ് എന്നീ വിഭാഗങ്ങളിൽ ഇരുപതിലേറെ എം.എസ് സി കോഴ്‌സുകൾ അദ്ദേഹം കുഫോസിൽ ആരംഭിച്ചു.

തികഞ്ഞ പ്രകൃതിസ്നേഹി
കടലിലും പുഴകളിലും ജലാശയങ്ങളിലും നിന്ന് മത്സ്യക്കുഞ്ഞുങ്ങളെ ഉൾപ്പടെ കോരിയെടുക്കുന്ന അശാസ്ത്രീയ മത്സ്യബന്ധനരീതികളെ അദ്ദേഹം എന്നും എതിർത്തു. ഒരു പ്രാവശ്യമെങ്കിലും പ്രജനനം നടത്താൻ അനുവദിച്ചശേഷമേ മത്സ്യങ്ങളെ പിടിക്കാവൂ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ഒമാൻ സുൽത്താന്റെ ഫിഷറീസ് ഉപദേശകനായിരുന്നു ഡോ. രാമചന്ദ്രൻ. അശാസ്ത്രീയ മത്സ്യബന്ധനം മൂലം മത്സ്യസമ്പത്ത് വറ്റിപ്പോയ ഒമാൻതീരത്ത് മത്തിയുടെയും അയലയുടെയും കുഞ്ഞുങ്ങളുടെ സമൃദ്ധി തിരിച്ചുകൊണ്ടുവരാൻ അദ്ദേഹത്തിന്റെ നിർദേശങ്ങൾക്ക് കഴിഞ്ഞു.

ജലവിഭവങ്ങൾ വഴി വരുമാനം തേടുന്ന കേന്ദ്രീകൃത സാമ്പത്തികരംഗമായ ബ്‌ളൂ ഇക്കോണമിയാണ് ഭാവിയുടേതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. 630 കിലോമീറ്റർ സമുദ്രതീരവും ഉൾനാടൻ ജലാശങ്ങളും കായലുകളും പുഴകളും നിറഞ്ഞ കേരളം അവസരം വിനിയോഗിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ബ്‌ളൂ ഇക്കോണമി സമ്മേളനം കുഫോസിൽ സംഘടിപ്പിച്ചത് അദ്ദേഹത്തിന്റെ ദീർഘവീഷണം വ്യക്തമാക്കുന്നു..

തുടക്കം ഗുജറാത്തിൽ
1982 ൽ കുസാറ്റിൽ നിന്ന് ഒന്നാം റാങ്ക് നേടിയാണ് രവിപുരം ആലപ്പാട്ട് വീട്ടിൽ രാമചന്ദ്രൻ എം.എസ് സി ഇൻഡസ്ട്രീസ് ഫിഷറീസ് കോഴ്‌സ് പാസായത്. 1984ൽ അഗ്രികൾച്ചർ സയന്റിസ്റ്റ് പരീക്ഷ ദേശീയതലത്തിൽ ഒന്നാം റാങ്കോടെ പാസായി. ഗുജറാത്തിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്‌നോളജിയിൽ ശാസ്ത്രജ്ഞനായി ഔദ്യോഗികജീവിതം ആരംഭിച്ചു. എട്ട് വർഷത്തിന് ശേഷം കുസാറ്റിൽ റീഡറായി നിയമിതനായി. 17 വർഷം കുസാറ്റിൽ സേവനം അനുഷ്ഠിച്ചു.