കൊച്ചി: നഗരത്തിൽ പുലർച്ചെ നടക്കാനിറങ്ങിയാൽ ഇനി കുടങ്ങും. ഇനി രാത്രി നടത്തവും വേണ്ട. ലോക്ഡൗൺ ലംഘിക്കുന്നവരെ കൈയോടെ പിടികൂടാൻ കൊച്ചി സിറ്റി പൊലീസും ഡ്രോൺ പറത്തി നിരീക്ഷണം തുടങ്ങി. ഇന്നലെ വൈകിട്ട് മറൈൻഡ്രൈവിൽ പരീക്ഷണ പറക്കലും നിരീക്ഷണവും നടത്തി. തൃശൂരിലാണ് നിയമലംഘനം നിരീക്ഷിക്കാൻ ആദ്യം ഡ്രോണിനെ രംഗത്തിറക്കിയത്.

 1

ഡ്രോൺ നിരീക്ഷണ പറക്കൽ നടത്തുമ്പോൾ പൊലീസ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരും ഒപ്പമുണ്ടാകും. ഒാരോ അഞ്ചു മിനിട്ടിലും ദൃശ്യങ്ങൾ ഇവർ പരിശോധിക്കും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ അവിടുത്തെ പൊലീസ് സ്‌റ്റേഷനിലേക്കും ആ സ്ഥലത്തുള്ള കൺട്രോൾ റൂം വാഹനത്തിലേക്കും വയർലെസു വഴി സന്ദേശം കൈമാറും. ഉടൻ പിടിയിലാകുകയും കേസും രജിസ്‌റ്റർ ചെയ്യും. രാത്രി ദൃശ്യങ്ങളും ഡ്രോണിൽ പകർത്താം.

 2

പറപ്പിക്കുന്നത് സ്വകാര്യ ഏജൻസിയാണ്. പൊലീസിന് അവർ ദൃശ്യങ്ങൾ കൈമാറും. ആദ്യ ഘട്ടമായി ഒരു ഡ്രോണാണ് ഉപയോഗിക്കുക. രണ്ടു ദിവസത്തിനുള്ളിൽ രണ്ടെണ്ണം കൂടി ലഭ്യമാക്കും. നഗരം കർശന നിരീക്ഷണത്തിലാക്കുകയാണ് ലക്ഷ്യം.

 3

നടത്തം ഒഴിവാക്കണം

പുലർച്ചെ നടത്തമെന്ന പേരിൽ ധാരാളം ആളുകൾ പുറത്തിറങ്ങുന്നുണ്ട്. മിക്കപ്പോഴും അഞ്ചിൽ കൂടുതൽ ആളുകളുണ്ട്. ചിലർ രാത്രിയിലും കറങ്ങി നടക്കുന്നു. ഇവരെ ഡ്രോണുപയോഗിച്ച് പെട്ടെന്ന് കണ്ടുപിടിക്കാനാകും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും

ജി. പൂങ്കുഴലി

ഡെപ്യൂട്ടി കമ്മിഷണർ

കൊച്ചി സിറ്റി പൊലീസ്

 175 പേർ അറസ്‌റ്റിൽ

കൊറോണ വ്യാപനം തടയാൻ സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച 175 പേർ ഇന്നലെ ജില്ലയിൽ അറസ്‌റ്റിലായി. 179 കേസുകളും രജിസ്‌റ്റർ ചെയ്‌തു.125 വാഹനങ്ങളും പിടിച്ചെടുത്തു.

 കൊച്ചി സിറ്റി

 കേസുകൾ: 70

 അറസ്‌റ്റ്: 78

 പിടിച്ചെടുത്ത വാഹനങ്ങൾ: 58

 വ്യാജ വാർത്ത പ്രചാരണം: 1

 എറണാകുളം റൂറൽ

 കേസുകൾ: 109

അറസ്‌റ്റ്: 97

 പിടിച്ചെടുത്ത വാഹനങ്ങൾ :67