കൊച്ചി: ലോക്ക് ഡൗണിന്റെ അഞ്ചാം ദിനത്തിൽ സാമൂഹ്യ അകലം പാലിച്ച് പൊലീസും. ഇന്നലെ തൊട്ടടുത്ത് ചെന്ന് ഉപദേശിക്കുകയും രേഖകൾ പരിശോധിക്കുകയും ചെയ്ത പൊലീസല്ല ഇന്ന്. ഒരു പരിധിവരെ അകന്ന് നിന്നാണ് നടപടി കടുപ്പിക്കുന്നത്. മാസ്‌കും കൈയുറകളും ധരിച്ച് കൊച്ചിയിലടക്കം പൊലീസ് റോഡിലുണ്ടെങ്കിലും നിരത്ത് ശൂന്യമാണ്. ആവശ്യ സാധനം വാങ്ങാനും പ്രത്യേക പാസുള്ളവരും മാത്രമേ നഗരത്തിലൂടെ കടന്നുപോകുന്നുള്ളൂ. കഴിഞ്ഞ ദിവസത്തെ പോലെ ലോക്ക് ഡൗൺ കാഴ്ചകൾ കാണാൻ എത്തുന്നവർ നന്നേ കുറവാണ്. ഇത് പൊലീസിന് ആശ്വാസം നൽകുന്നുണ്ട്.
ജനങ്ങളോട് മാന്യമായി പെരുമാറി, ലോക്ക് ഡൗൺ കർശനമായി നടപ്പാക്കാണമെന്ന കർശന നിർദ്ദേശമാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നൽകിയിട്ടുള്ളത്. പൊലീസ് പരിധി ലംഘിച്ച് ഇടപെടുന്നുവെന്ന് ഒറ്റപ്പെട്ട ചില പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിർദേശം നൽകിയത്. ഇതേതുടർന്നാണ് പൊലീസ് സാമൂഹ്യ അകലംപാലിച്ച് നടപടികൾ ശക്തമാക്കിയിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥർ മാസ്‌കുകൾക്ക് മറ്റും ധരിക്കണമെന്നും ഡി.ജി.പി നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം, കൊച്ചിയിലടക്കം ജില്ലയിൽ എല്ലായിടത്തും പതിവ് പോലെ രാവിലെ ഏഴ് മുതൽ കടകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. സർക്കാർ നിർദ്ദേശം പാലിച്ചാണ് ഇവിടെ ആളുകൾ സാധങ്ങൾ വാങ്ങി മടങ്ങുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നലെ ജില്ലയിൽ 148 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 134 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തത്. 90 വാഹനങ്ങൾ ജില്ലയിൽ പിടിച്ചെടുത്തു. എറണാകുളം സിറ്റിയിൽ 39 കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തത്. 37 പേരെ അറസ്റ്റ് ചെയ്യുകയും 23 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. റൂറലിൽ ഇന്നലെ 109 കേസുകളെടുത്തു.ഈ കേസുകളിൽ നിന്നായി 97 പേരെ അറസ്റ്റ് ചെയ്തു, ഇതുമായി ബന്ധപ്പെട്ട് 67 വാഹനങ്ങൾ പിടികൂടിയിട്ടുണ്ട്.